
കൊച്ചി: 25 ലക്ഷത്തിന്റെ ഓൺലൈൻ തട്ടിപ്പ് പ്രതി അറസ്റ്റിൽ. കൊച്ചി പാലാരിവട്ടം സ്വദേശിനിയിൽ നിന്നും 25 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പിലൂടെ കൈക്കലാക്കിയ ആലുവ കുന്നത്തേരി സ്വദേശി തൈപറമ്പിൽ ഷാജഹാൻ (40) എന്നയാളെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ സ്വകാര്യ കമ്പനി ജീവനക്കാരിയായ പരാതിക്കാരിയിൽ നിന്നും പാർട്ട് ടൈം ജോലിയിലൂടെ പണം ലഭിക്കും എന്ന് വാട്സാപ്പ് മെസ്സേജിലൂടെ സന്ദേശം അയച്ച് വിശ്വസിപ്പിച്ചാണ് പ്രതികൾ പണം തട്ടിയത്.
2024 ജനുവരി മാസം പരാതിക്കാരിയായ യുവതിയുമായി വാട്സാപ്പ്, ടെലഗ്രാം ചാറ്റിലൂടെ ബന്ധപ്പെട്ട പ്രതികൾ പാർട്ടൈം ജോബ് ഓഫർ ചെയ്ത് ഓൺലൈൻ ടാസ്കുകൾ നല്കിയ ശേഷം 25-01-2024 തീയതി മുതൽ 30-01-2024 തീയതി വരെയുള്ള കാലയളവിൽ പരാതിക്കാരിയുടെ രണ്ട് ബാങ്ക് അക്കൌണ്ടുകളിൽ നിന്നായി 25ലക്ഷത്തിലധികം രൂപ തട്ടിയെടുത്തശേഷം പണം വിവിധ സംസ്ഥാനങ്ങളിലുള്ള ബാങ്ക് അക്കൌണ്ടുകളിലേക്കയച്ചാണ് തട്ടിപ്പ് ആസൂത്രണം നടത്തിയത്.
അറസ്റ്റിലായ ഷാജഹാൻ തട്ടിപ്പിലൂടെയുള്ള പണം കൈക്കലാക്കുന്നതിനായി മാത്രം പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങുകയും അക്കൗണ്ടിലെത്തിയ പണം മറ്റ് പ്രതികളുടെ സഹായത്താൽ ചെക്ക് മുഖേന വിഡ്രോ ചെയ്തെടുക്കുകയുമായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ പ്രത്യേക നിർദേശപ്രകാരം ഓൺലൈൻ തട്ടിപ്പ് കേസുകളിൽപെട്ട കേരളത്തിലുള്ള അക്കൌണ്ട് ഉടമകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
എറണാകുളം പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ പി രാജ്കുമാറിന്റെ മേൽനോട്ടത്തിൽ പാലാരിവട്ടം പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർമാരായ മിഥുൻ മോഹൻ ഹരിശങ്കർ ഒഎസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനീഷ്, മനൂബ്, അൻസിൽ, അരുൺകുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റ് പ്രതികള്ഴക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam