വ്യാജ തേന്‍ വില്‍പ്പന സജീവം, 20 കിലോ തേന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു; തേന്‍ വാങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Published : Mar 19, 2019, 01:14 PM IST
വ്യാജ തേന്‍ വില്‍പ്പന സജീവം, 20 കിലോ തേന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു; തേന്‍ വാങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Synopsis

ബീഹാര്‍ സ്വദേശിനിയായ സ്ത്രീ മൈസൂരില്‍ നിന്നാണ് തേന്‍ വില്‍പ്പനക്കായി കൊണ്ടുവന്നത്. യഥാര്‍ത്ഥ തേനാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിന് തേന്‍ അടയും, പാട്ടയും, മെഴുകും തേനിന്റെ സമീപം വെച്ചായിരുന്നു വില്‍പ്പന. കിലോക്ക് 250 രൂപ മാത്രം ഈടാക്കിയതോടെയാണ് പലരും സംശയം ഉന്നയിച്ചത്

കല്‍പ്പറ്റ: വയനാട്ടില്‍ വ്യാജതേന്‍ വില്‍പ്പന സജീവമാകുന്നു. ജില്ലക്ക് പുറത്ത് നിന്നെത്തുന്ന സഞ്ചാരികളെയാണ് വ്യാജതേന്‍ലോബി ലക്ഷ്യമിടുന്നത്. ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കാട്ടിക്കുളം ചങ്ങല ഗേറ്റിന് സമീപം  റോഡരികില്‍ വില്‍പ്പന നടത്തിയ 20 കിലോയോളം വ്യാജതേന്‍ പിടിച്ചെടുത്തു നശിപ്പിച്ചു. മാനന്തവാടിയിലും പരിസരങ്ങളിലും വ്യാജതേന്‍ വില്‍പ്പന നടത്തുന്നതായി  പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

വ്യാജ തേനാണെന്ന സംശയത്തില്‍ പിടിച്ചെടുത്ത തേനിന്റെ സാമ്പിള്‍ ഫുഡ് ടെസ്റ്റിംഗ് മൊബൈല്‍ ലാബോറട്ടറിയില്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ബീഹാര്‍ സ്വദേശിനിയായ സ്ത്രീ മൈസൂരില്‍ നിന്നാണ് തേന്‍ വില്‍പ്പനക്കായി കൊണ്ടുവന്നത്. യഥാര്‍ത്ഥ തേനാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിന് തേന്‍ അടയും, പാട്ടയും, മെഴുകും തേനിന്റെ സമീപം വെച്ചായിരുന്നു വില്‍പ്പന. കിലോക്ക് 250 രൂപ മാത്രം ഈടാക്കിയതോടെയാണ് പലരും സംശയം ഉന്നയിച്ചത്. യഥാര്‍ത്ഥ വില 300 രൂപയിലും മീതെയാണ്. എന്നാല്‍ വയനാട്ടില്‍ വില്‍പ്പന നടത്തുന്നതിനാല്‍ പുറത്ത് നിന്നെത്തുന്ന സഞ്ചാരികള്‍ വിലയില്‍ സംശയം പ്രകടിപ്പിക്കാറില്ല. മാത്രമല്ല കൂടുതല്‍ അളവില്‍ വാങ്ങുകയും ചെയ്യും.

വില്‍പ്പനക്കാരുടെ പൂര്‍ണ്ണമായ മേല്‍വിലാസമോ, മേല്‍വിലാസം തെളിയിക്കുന്ന രേഖകളോ ലഭ്യമാകാത്തതിനാല്‍ പലപ്പോഴും ഇത്തരക്കാരുടെ പേരില്‍ നിയമനടപടി സ്വീകരിക്കുവാന്‍ സാധിക്കാതെ വരുന്നതായി അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു. നിലവാരം കുറഞ്ഞ തേന്‍ വില്‍പ്പന നടത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും തേനിന്റെ സര്‍വ്വയലന്‍സ് സാമ്പിളുകള്‍ കല്‍പ്പറ്റ ഫുഡ് സേഫ്റ്റി ഓഫീസര്‍ രേഷ്മയുടെ നേതൃത്വത്തില്‍ ശേഖരിച്ച് വിദഗ്ധപരിശോധനക്ക് അയച്ചു.  പരിശോധനാഫലം വരുന്ന മുറക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ജെ. വര്‍ഗ്ഗീസ് അറിയിച്ചു.

തേന്‍ വാങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ടത്

വഴിയോരങ്ങളിലും വൃത്തിഹീനമായ സാഹചര്യങ്ങളിലും വില്‍പന നടത്തുന്ന തേന്‍ വാങ്ങരുത്.  പായ്ക്ക് ചെയ്ത തേനാണെങ്കില്‍ പായ്ക്കറ്റ്/ബോട്ടിലിന് പുറത്ത് ഭക്ഷ്യ സുരക്ഷാ ലേബല്‍ നിബന്ധനകള്‍ പാലിച്ചവ മാത്രമേ വാങ്ങാവൂ. ബില്ല് ചോദിച്ച് വാങ്ങണം.  വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും മാത്രമേ തേന്‍ വാങ്ങാവൂ.  തേനിനെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍, ഭക്ഷ്യ സുരക്ഷാ  ഓഫീസര്‍ എന്നിവരെ അറിയിക്കേണ്ടതാണ്. വയനാട്ടില്‍ പലഭാഗത്തും വയനാടന്‍ തേന്‍ നെല്ലിക്ക എന്ന പേരില്‍ പഞ്ചസാര ലായിനിയിലിട്ട നെല്ലിക്ക വിതരണം  നടത്തുന്നതായി പരാതിയുണ്ട്.  ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്നും വരുന്ന ഇത്തരം നെല്ലിക്ക പഞ്ചസാര ലായിനിയില്‍ പ്രിസര്‍വ് ചെയ്തതാണ്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതായതിനാല്‍ കച്ചവടക്കാര്‍ അത്തരം പരസ്യങ്ങളും ലേബലും മാറ്റണമെന്നും അല്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും  ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭീതിക്കൊടുവിൽ ആശ്വാസം! വടശ്ശേരിക്കരയെ വിറപ്പിച്ച കടുവ കെണിയിലായി; കുമ്പളത്താമണ്ണിൽ താൽക്കാലിക സമാധാനം
'തിരുവനന്തപുരത്ത് ബിജെപി ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് തൃശൂർ മോഡലിൽ വോട്ട് ചേർക്കുന്നു'; ആരോപണവുമായി ശിവൻകുട്ടി