Latest Videos

മാനവീയം വീഥിയിൽ ഇന്നലെ രാത്രിയും കൂട്ടയടി; ഏറ്റുമുട്ടൽ സിഗററ്റ് വലിച്ച് പുക മുഖത്തേക്ക് ഊതി വിട്ടത്തിനെ ചൊല്ലി

By Web TeamFirst Published Dec 12, 2023, 9:00 AM IST
Highlights

ആൽത്തറ ജംഗ്ഷന് സമീപമായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. പൊലീസെത്തിയപ്പോൾ എല്ലാവരും ചിതറിയോടി. സംഭവത്തില്‍ മൂന്ന് പേരെ മ്യൂസിയം പൊലിസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം: തിരുവനന്തപുരം മാനവീയം വീഥിയിൽ ഇന്നലെ രാത്രിയും കൂട്ടയടി. രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായള്ള സംഗീത പരിപാടി അവസാനിച്ച ശേഷമാണ് രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടിയത്. സിഗററ്റ് വലിച്ച് പുക മുഖത്തേക്ക് ഊതി വിട്ടെന്നാരോപിച്ചാണ് രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ആൽത്തറ ജംഗ്ഷന് സമീപമായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. പൊലീസെത്തിയപ്പോൾ എല്ലാവരും ചിതറിയോടി. സംഭവത്തില്‍ മൂന്ന് പേരെ മ്യൂസിയം പൊലിസ് കസ്റ്റഡിയിലെടുത്തു.

നൈറ്റ് ലൈഫ് ആരംഭിച്ചത് മുതൽ മാനവീയം വീഥിയിൽ കൂട്ടത്തല്ലായിരുന്നു. പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ നിസ്സാര കാര്യങ്ങൾക്ക് ലഹരിയുടെ പിടിയിൽ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു പലരും. ഇത് തലവേദനയായതോടെ പൊലീസ് നിയന്ത്രണങ്ങളും നിരീക്ഷണവും ശക്തമാക്കിയതോടെ പത്ത് മണിക്കുശേഷം മാനവീയം വീഥി ശാന്തമായിരുന്നു. ഐഎഫ്എഫ്കെയുടെ ഭാഗമായി സംഗീത പരിപാടികള്‍ തുടങ്ങിയതോടെ വീണ്ടും ആള്‍കൂട്ടമായി. സംഗീത പരിപാടി കഴിഞ്ഞ ശേഷം ആൽത്തറ ഭാഗത്ത് കുറേ യുവാക്കള്‍ കൂടി നിന്നു. ഇതിനിടെ സിഗററ്റ് വലിച്ച് പുക ഊതിവിട്ടതിനെ ചൊല്ലി ഇരുവിഭാഗങ്ങള്‍ തമ്മിൽ തർക്കം തുടങ്ങിയത്. കൈയിൽ കിട്ടിയ കമ്പും കല്ലുമെടുത്തായിരുന്നു തല്ല്. പൊലീസ് സ്ഥലത്തിയപ്പോള്‍ അടികൊണ്ടുവരും കൊടുത്തവരും ഓടി. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിലെടുത്തിട്ടുണ്ട്. തല്ലാൻ ഒപ്പമുണ്ടായിരുന്നവരെയും തല്ലിവരെയും അറിയില്ലെന്നാണ് ഇവരുടെ മൊഴി. ആരും പരാതിയുമായി എത്തിയിട്ടില്ലെന്നും പൊലീസ് പറയുന്നു. അടിയുടെ പശ്ചാത്തലത്തിൽ സുരക്ഷ വീണ്ടും കൂട്ടാനാണ് പൊലീസ് നീക്കം.

തുടര്‍ച്ചയായി സംഘര്‍ഷങ്ങളുണ്ടായതിന്‍റെ പശ്ചാത്തലത്തില്‍ മാനവീയം വീഥിയിലെ നൈറ്റ് ലൈഫിൽ പൊലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മാനവീയത്തിൽ രാത്രി 10 മണിക്ക് ശേഷം വാദ്യോപകരണങ്ങളും ഉച്ചഭാഷിണിയും ഒഴിവാക്കണമെന്നും രാത്രി 12 മണി കഴിഞ്ഞാൽ മാനവീയം വീഥി വിട്ട് ആളുകള്‍ പോകണമെന്നുമായിരുന്നു പൊലീസ് നിര്‍ദ്ദേശം. ഒരാൾക്ക് ഉച്ച ഭാഷിണിക്ക് അനുമതി നൽകിയാൽ മറ്റുള്ളവർക്ക് ഒരു തടസ്സമായി മാറുന്നു. ഇത് സംഘർഷത്തിന് കാരണമാകുമെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. 

click me!