കായംകുളം: കട്ടച്ചിറ പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ പി റോഡിൽ യാക്കോബായ സഭാ വിശ്വാസികളുടെ പ്രതിഷേധം. മണിക്കൂറുകൾ നീണ്ടിട്ടും പ്രതിഷേധം അവസാനിക്കാതെ വന്നതോടെ യാക്കോബായ വിഭാഗക്കാർക്ക് നേരെ പൊലീസ് ലാത്തിവീശി. എട്ട് യാക്കോബായ വിശ്വാസികൾക്കും ആറ് പൊലീസുകാർക്കും പരിക്കേറ്റു.
രണ്ടുമണിക്കൂറിലേറെ കെ പി റോഡ് ഉപരോധിച്ച പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്. യാക്കോബായ സഭയിലെ വിവിധ ഭദ്രാസനാധിപന്മാരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. പ്രശ്നപരിഹാരത്തിനായി സ്ഥലത്തെത്തിയ ജില്ലാ കളക്ടർ യാക്കോബായ വിഭാഗവുമായി രാത്രി തന്നെ ചർച്ച നടത്തി.
ഇരുപത് യാക്കോബായ വിശ്വാസികളെ പള്ളിയിൽ പ്രവേശിച്ച് പ്രാർത്ഥന നടത്താൻ പൊലീസ് അനുമതി നൽകി. പ്രാർത്ഥനയ്ക്ക് ശേഷം ഇവരെ പള്ളിയിൽ തുടരാൻ അനുവദിച്ചില്ല. യാക്കോബായ സഭയിലെ വിവിധ ഭദ്രാസനാധിപന്മാരുടെ നേതൃത്വത്തിൽ കട്ടച്ചിറ പള്ളിക്ക് മുന്നിൽ പ്രതിഷേധസമരം തുടരുമെന്നാണ് വിശ്വാസികളുടെ നിലപാട്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ശനിയാഴ്ചയാണ് ജില്ലാഭരണകൂടം ഇടപെട്ട് പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam