പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം മൂന്നാം തവണയും ചർച്ചക്കെടുത്തില്ല; പാലക്കാട് നഗരസഭയിൽ പ്രതിപക്ഷ ബഹളം

By Web TeamFirst Published Jan 14, 2020, 1:52 PM IST
Highlights

സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയില്‍ ഇത് മൂന്നാം തവണയാണ് ഈ വിഷയത്തിൽ കൗൺസിൽ തടസ്സപ്പെടുന്നത്. അധികാര പരിധിക്ക് പുറത്തുള്ള വിഷയം ആയതിനാൽ ചർച്ച ചെയ്യാൻ ആവില്ലെന്നാണ് നഗരസഭയുടെ നിലപാട്.

പാലക്കാട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കാത്തതിൽ പ്രതിഷേധിച്ച് പാലക്കാട് നഗരസഭ കൗൺസിലിൽ പ്രതിപക്ഷ ബഹളം. നഗരസഭയുടെ അധികാര പരിധിയിലുളളതല്ല പ്രമേയമെന്നാണ് ഭരണകക്ഷിയായ ബിജെപിയുടെ നിലപാട്. സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയില്‍ ഇത് മൂന്നാം തവണയാണ് ഈ വിഷയത്തിൽ കൗൺസിൽ തടസ്സപ്പെടുന്നത്.

നിയമ ഭേദഗതിക്കെതിരായ പ്രമേയം ചർച്ചയ്ക്ക് എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് നഗരസഭയിൽ ഇന്നും പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചത്. കഴിഞ്ഞ മാസം 18നാണ് പാലക്കാട് നഗരസഭയിലെ സിപിഎം അംഗങ്ങൾ പൗരത്വ നിയമഭേദഗതി ബില്ലിനെതിരെ പ്രമേയം കൊണ്ടുവന്നത്. യുഡിഎഫ് പ്രമേയത്തെ പിന്തുണച്ചു. എന്നാൽ പ്രമേയം അവതരിപ്പിക്കാനാവില്ലെന്ന് നഗരസഭാധ്യക്ഷയും ബിജെപി കൗൺസിലർമാരും നിലപാടെടുത്തതോടെ, കയ്യാങ്കളിയിൽ അവസാനിക്കുകയായിരുന്നു. 

അധികാര പരിധിക്ക് പുറത്തുള്ള വിഷയം ആയതിനാൽ ചർച്ച ചെയ്യാൻ ആവില്ലെന്നാണ് നഗരസഭയുടെ നിലപാട്. പ്രമേയത്തിന് അവതരണാനുമതി കിട്ടുംവരെ നഗരസഭാ കൗൺസിലിൽ സഹകരിക്കില്ലെന്നാണ് സിപിഎമ്മിന്‍റെയും യുഡിഎഫിന്റേയും നിലപാട്.

click me!