രണ്ടായിരം രൂപ പിഴയിട്ട് എ.ഐ ക്യാമറ തുണച്ചു; അപ്രതീക്ഷിതമായി എത്തിയ നോട്ടീസോടെ ട്വിസ്റ്റുണ്ടായത് മറ്റൊരു കേസിൽ

Published : Aug 29, 2023, 03:04 PM IST
രണ്ടായിരം രൂപ പിഴയിട്ട് എ.ഐ ക്യാമറ തുണച്ചു; അപ്രതീക്ഷിതമായി എത്തിയ നോട്ടീസോടെ ട്വിസ്റ്റുണ്ടായത് മറ്റൊരു കേസിൽ

Synopsis

ബൈക്ക് ഓടിക്കുന്നയാളും പിന്നിൽ ഇരിക്കുന്നയാളും ഹെൽമെറ്റ് ധരിക്കാത്തതിന് ആയിരം രൂപയും മൂന്ന് പേരെ വെച്ച് യാത്ര ചെയ്തതിന് ആയിരം രൂപയുമടക്കം രണ്ടായിരം രൂപ പിഴയടക്കാനാണ് നോട്ടീസ് ലഭിച്ചത്. 

മലപ്പുറം: മോഷ്ടാക്കൾ കവർന്ന ബൈക്കിനെ എ.ഐ ക്യാമറ ക്ലിക്കി. ഒപ്പം മോഷ്ടാക്കളെയും. രണ്ട് മാസം മുമ്പാണ് തിരൂർ സ്വദേശി രമേശ് മട്ടാറയുടെ ബൈക്ക് കവർന്നത്. കൃത്യം പറഞ്ഞാൽ ജൂൺ 27ന് പുലർച്ചെയോടെ. കെ.എൽ. 71 ഇ. 5257 എന്ന നമ്പറിലുള്ള കറുത്ത നിറത്തിലുള്ള ബുള്ളറ്റ് ബൈക്കാണ് കവർന്നത്. 

തിരൂർ ആക്‌സിസ് ബാങ്കിന്റെ സമീപത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടാക്കൾ കവരുകയായിരുന്നു. പിറ്റേന്ന് തന്നെ ഉടമ രമേശ് പോലീസിൽ പരാതിയും നൽകി. പോലീസിന്റെ ഭാഗത്തും നിന്നും സ്വന്തം നിലക്കും അന്വേഷണം നടക്കുന്നതിനിടെ ഏതാനും ദിവസം മുമ്പ് ഓഗസ്റ്റ് 24ന് ഗതാഗത നിയമം ലംഘിച്ചതിന് പിഴയടക്കാൻ രമേശിന്റെ മൊബൈലിലേക്ക് ഒരു മെസ്സേജ് വന്നു. 

ബൈക്ക് ഓടിക്കുന്നയാളും പിന്നിൽ ഇരിക്കുന്നയാളും ഹെൽമെറ്റ് ധരിക്കാത്തതിന് ആയിരം രൂപയും മൂന്ന് പേരെ വെച്ച് യാത്ര ചെയ്തതിന് ആയിരം രൂപയുമടക്കം രണ്ടായിരം രൂപ പിഴയടക്കാനാണ് നോട്ടീസ് ലഭിച്ചത്. ജൂൺ 27ന് പുലർച്ചെ 1.47ന് തിരൂർ-പൊന്നാനി റൂട്ടിലുള്ള പെരുന്തല്ലൂരിലെ എ.ഐ ക്യാമറയിലാണ് മോഷ്ടാക്കൾ ബൈക്കുമായി പോകുന്ന ദൃശ്യം ലഭിച്ചത്. ഈ ദൃശ്യങ്ങളും ഉടമ രമേശ് പോലീസിന് കൈമാറിയിട്ടുണ്ട്. ഇത് ക്രൈം സെല്ലിലേക്ക് കൈമാറിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. 

കഴിഞ്ഞ ആഗസ്റ്റ് എട്ടിനും തിരൂരിൽ സമാന സംഭവം നടന്നിരുന്നു. ഒന്നര മാസം മുമ്പ് കവർന്ന ബൈക്കും എ.ഐ ക്യാമറയിൽ കുടങ്ങിയിരുന്നു. അന്ന് തിരൂർ മംഗലം സ്വദേശി ഷമീറിന്റെ ബൈക്കാണ് കവർന്നത്.

Read also: തിരുവോണ ദിവസവും ജോലി; ആരോഗ്യ പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് ഓണസമ്മാനങ്ങള്‍ നല്‍കി മന്ത്രി

അതേസമയം സംസ്ഥാനത്ത് ആകാശത്തുനിന്നും റോഡിലെ നിരീക്ഷണം ശക്തമാക്കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ട് പോവുകയാണ്. ഡ്രോണിൽ എഐ ക്യാമറകൾ ഘടിപ്പിച്ച് നിയമലംഘകരെ പിടികൂടാനും അപകടങ്ങൾ ഇല്ലാതാക്കാനുമാണ് നീക്കം. സംസ്ഥാനത്ത് നിലവിൽ 700 ഓളം എ ഐ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇവയെ കബളിപ്പിച്ചുള്ള നിയമലംഘനങ്ങൾ കൂടുതലായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഗതാഗത വകുപ്പിന്‍റെ പുതിയ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

റോഡിലെ ഗതാഗത നിയമലംഘനങ്ങൾ തടയാനായി മൂന്നു മാസം മുമ്പാണ് സര്‍ക്കാര്‍ എഐ ക്യാമറകള്‍ സ്ഥാപിച്ചത്. ഇപ്പോള്‍ ആകാശത്തും ക്യാമറക്കണ്ണുകൾ ഉണ്ടാകും എന്നത് ഉള്‍പ്പെടെ കൂടുതൽ പരിഷ്‍കാരങ്ങളിലേക്ക് ഗതാഗത വകുപ്പ് കടക്കുന്ന കാര്യം ട്രാൻസ്പോർട്ട് കമ്മിഷണർ എസ് ശ്രീജിത്ത് ഐ പി എസ് തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അടുത്ത വർഷം മുതൽ ഡ്രോണിൽ എ ഐ ക്യാമറ പിടിപ്പിക്കാനുള്ള നീക്കത്തിലാണ് ഗതാഗത വകുപ്പെന്നാണ് ശ്രീജിത്ത് ഐപിഎസ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇക്കാര്യത്തിൽ സർക്കാരിന് പ്രെപ്പോസൽ സമർപ്പിച്ചിട്ടുണ്ടെന്നും സർക്കാരിന്‍റെ അംഗീകാരം ലഭിച്ചാൽ പദ്ധതി ഉടൻ തന്നെ നടപ്പിലാക്കുമെന്നും എസ് ശ്രീജിത്ത് ഐ പി എസ് വ്യക്തമാക്കുന്നു. നിലവിലെ എഐ ക്യാമറകളെ കബളിപ്പിച്ചും നിയമ ലംഘനം തുടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പുതിയ നീക്കമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി