
ആലപ്പുഴ: മങ്കൊമ്പ് വള്ളംകളി പ്രേമവും ചിത്രകലയും ഒത്തുചേർന്നതോടെ വർണത്തിളക്കമുള്ള തുഴകൾ പിറക്കുകയാണിവിടെ. കൈനകരി ചേന്നംകരി പാലയ്‌ക്കൽ പുത്തൻചിറ വീട്ടിൽ അജേഷ് ജോർജാണ് തുഴയിൽ ചിത്രവിസ്‌മയം ഒരുക്കുന്നത്.
രണ്ടു വർഷമായി നെഹ്റു ട്രോഫിയടക്കം ജലോത്സവങ്ങൾ നിലച്ചിട്ട്. ഇതോടെ പുന്നമടക്കായലിൽ ആവേശം വിതറുന്ന മത്സര വള്ളംകളിയുടെ വീറും വാശിയും തുഴയിലേക്ക് പകരാൻ അജേഷ് തീരുമാനിച്ചു. സിനിമ, സീരിയൽ, പരസ്യം തുടങ്ങിയവയുടെ കലാസംവിധാനത്തിൽ കഴിവ് തെളിയിച്ചിട്ടുണ്ട് അജേഷ്.
കോവിഡിനെ തുടർന്ന് എല്ലാ രംഗത്തെയും പോലെ ചിത്രകലാകാരന്മാരുടെയും അവസരം കുറഞ്ഞു. ഈ അവസരത്തിലാണ് തുഴയിൽ വര തുടങ്ങിയത്. ഇതിനായി കൈനകരി യുബിസിയെ സമീപിച്ചു. ഇവർ നൽകിയ നാല് തുഴയിലാണ് ചിത്രമൊരുക്കിയത്. തുഴയുടെ ഇരുവശങ്ങളിലും ചിത്രം വരച്ചു. കലയും ടൂറിസവും വള്ളംകളിയുമെല്ലാം തുഴയിലുണ്ട്.
3.5 ഇഞ്ച് തുഴയുടെ പിടിയിൽ അമ്പതിൽപരം ചുണ്ടൻവള്ളങ്ങളും തുഴച്ചിൽക്കാരെയും വരച്ചുചേർത്തു. പള്ളാത്തുരുത്തി, യുണൈറ്റഡ് ബോട്ട്ക്ലബ് എന്നിവരുടെ തുഴച്ചിൽ ചിത്രങ്ങളാണ് വരച്ചത്. നാല് തുഴ പോളിഷ് ചെയ്‌ത് ചിത്രം വരയ്‌ക്കാൻ 12 ദിവസമെടുത്തു. 2019ൽ നെഹ്റു ട്രോഫി ഉദ്‌ഘാടനത്തിനെത്തിയ സച്ചിൻ തെണ്ടുൽക്കറിന് ചിത്രം വരച്ച തുഴ അജേഷ് ജോർജ് നൽകിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam