Latest Videos

ആലപ്പുഴയിൽ ഇടിമിന്നലില്‍ സ്‌ട്രോംഗ് റൂമിലെ സിസി ടിവികള്‍ നശിച്ചു; പരാതിയുമായി എം ലിജു

By Web TeamFirst Published May 1, 2024, 12:49 AM IST
Highlights

സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് പരിസരത്ത് അടിയന്തരമായി സിസി ടിവി നിരീക്ഷണം സ്ഥാപിക്കണമെന്ന് ലിജു.

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇടിമിന്നലിനെ തുടര്‍ന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമിലെ സിസി ടിവി ക്യാമറകള്‍ കേടായി. ആലപ്പുഴ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സെന്റ് ജോസഫ്‌സ് സ്‌കൂളിലെ സ്‌ട്രോംഗ് റൂമിലെ ക്യാമറകളാണ് ഇടിമിന്നലില്‍ നശിച്ചത്. രാത്രി ഏഴു മണിയോടെയാണ് ശക്തമായ ഇടിവെട്ടും മിന്നലുമുണ്ടായത്. ഏകദേശം ഒരു മണിക്കൂറോളം മഴ തുടര്‍ന്നു. സിസി ടിവി ക്യാമറകള്‍ നശിച്ച വിവരം ജില്ലാ കളക്ടര്‍ സ്ഥാനാര്‍ത്ഥികളെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. 

അതേസമയം, വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി വേണുഗോപാലിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റ് എം.ലിജു റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന റൂമിലെ സിസി ടിവി ക്യാമറകള്‍ നശിച്ചെന്ന വിവരം ലിജു പരാതിയില്‍ ചൂണ്ടിക്കാണിച്ചു. തെരഞ്ഞെടുപ്പിന്റെ സുരക്ഷയും സുതാര്യതയും പ്രാധാന്യവും കണക്കിലെടുത്ത്, സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് പരിസരത്ത് അടിയന്തരമായി സിസി ടിവി നിരീക്ഷണം സ്ഥാപിക്കണം. വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട ആശങ്കകളും സംശയങ്ങളും നീക്കുന്നതിന് സ്ട്രോങ് റൂം പരിസരം നിരീക്ഷിക്കാന്‍ നിരീക്ഷകരെ നിയോഗിക്കണമെന്നും എം ലിജു ആവശ്യപ്പെട്ടു. 
 

നവകേരള ബസ് സര്‍വീസ്: പ്രത്യേകതകള്‍ എന്തെല്ലാം? ബുക്കിംഗ് ആരംഭിച്ചു 
 

click me!