ആലപ്പുഴ ജില്ലയുടെ തീരങ്ങളില്‍ കടലേറ്റം; ദുരിതത്തിലായി തീരദേശ വാസികൾ

By Web TeamFirst Published Jun 20, 2020, 1:42 PM IST
Highlights

ആലപ്പുഴ ജില്ലയുടെ ആറാട്ടുപുഴ, പള്ളിത്തോട് തീരങ്ങളില്‍ കടലേറ്റം. ആറാട്ടുപുഴയില്‍ കടല്‍ കരയിലേക്ക് ശക്തിയായി അടിച്ചുകയറി

ആലപ്പുഴ: ആലപ്പുഴ ജില്ലയുടെ ആറാട്ടുപുഴ, പള്ളിത്തോട് തീരങ്ങളില്‍ കടലേറ്റം. ആറാട്ടുപുഴയില്‍ കടല്‍ കരയിലേക്ക് ശക്തിയായി അടിച്ചുകയറി. വെളളിയാഴ്ച  മുതൽ ആറാട്ടുപുഴ ബസ് സ്റ്റാന്‍ഡിൽ എകെജി നഗര്‍ വരെയുളള ഭാഗത്താണ് തിരയേറ്റമുണ്ടായത്. പ്രദേശത്തെ നിരവധി വീടുകളില്‍ വെള്ളംകയറി. 

അടിച്ചുകയറിയ വെള്ളം മുറ്റത്തും പരിസരങ്ങളിലും കെട്ടിനില്‍ക്കുന്നതിനാല്‍ ഇവിടങ്ങളിലെ താമസക്കാര്‍ വളരെയധികം ബുദ്ധിമുട്ടിലാണ്. ഇവിടെ 700-മീറ്ററോളം ദൂരം തീരദേശപാത കടലിനോട് തൊട്ടുചേര്‍ന്നാണ് പോകുന്നത്. കടല്‍ ശക്തമായാല്‍ തീരദേശപാതയിലാണ് തിര പതിക്കുന്നത്. അതിനാല്‍ കിഴക്കുഭാഗത്തെ ജനവാസമേഖലയിലേക്ക് വെള്ളം ഒഴുകിയെത്തും. നല്ലാണിക്കല്‍, വട്ടച്ചാല്‍, മംഗലം പ്രദേശത്തും കടലേറ്റമുണ്ട്. 

നല്ലാണിക്കല്‍, വട്ടച്ചാല്‍ പ്രദേശങ്ങളെ കുറേശ്ശയായി കടല്‍ കവര്‍ന്നെടുക്കുകയാണ്. കടല്‍ഭിത്തിയോ പുലിമുട്ടുകളോ ഇല്ലാത്തതാണ് കടല്‍ കയറാന്‍ കാരണം. ഇവിടെ നാട്ടുകാര്‍ സ്വന്തം ചെലവില്‍ നിര്‍മിക്കുന്ന താത്കാലിക മണല്‍ഭിത്തിയും കടല്‍ കൊണ്ടുപോകുന്നത് പതിവാണ്. ഭീതിയോടെയാണ് കടലിനോട് ചേര്‍ന്ന് താമസിക്കുന്നവര്‍ കഴിഞ്ഞുവരുന്നത്.

പള്ളിത്തോട് മേഖലയില്‍ കടലേറ്റത്തെ തുടര്‍ന്ന് നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി. തുറവൂര്‍ പഞ്ചായത്ത് 18-ാം വാര്‍ഡിന്റെ പരിധിയില്‍ വ്യാഴാഴ്ച കടല്‍ കയറിയ ഭാഗത്താണ് വെള്ളിയാഴ്ച രാവിലെ വീണ്ടും കടല്‍ കയറിയത്. ഭിത്തി ഇടിഞ്ഞുതാഴ്ന്ന ഭാഗത്തുകൂടെ കൂറ്റന്‍ തിരമാലകളാണ് കരയിലേക്ക് അടിച്ചുകയറുന്നത്. 

തീരദേശ റോഡ് കവിഞ്ഞുകയറിയ വെള്ളം ജനജീവിതം ദുഃസ്സഹമാക്കി. ഒഴുകിപ്പോകാന്‍ നിലവിലെ കാന പര്യാപ്തമല്ലാത്തതിനാല്‍ വെള്ളം വീടുകള്‍ക്കുള്ളിലും മുറ്റത്തും കെട്ടിക്കിടക്കുകയാണ്. ആളുകള്‍ക്ക് കിടന്നുറങ്ങാനോ പ്രാഥമിക കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാനോ ആകാതെ വലയുകയാണ്. തുറവൂര്‍ പഞ്ചായത്തിടപെട്ട് താത്കാലിക മണല്‍ച്ചിറ നിര്‍മാണം ആരംഭിച്ചു. ജെ.സി.ബി.യുടെ സഹായത്താല്‍ ചാക്കുകളില്‍ മണല്‍ നിറച്ചാണ് ചിറ നിര്‍മിക്കുന്നത്. 

വ്യാഴാഴ്ച രാവിലെ കടലേറ്റമുണ്ടായതിനെത്തുടര്‍ന്ന് ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ അടക്കമുള്ളവര്‍ സ്ഥലത്തെത്തുകയും മണല്‍ച്ചിറയുടെ നിര്‍മാണം അടിയന്തരമായി നടത്തണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. കളക്ടറേറ്റില്‍ നിന്നുള്ള നിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ചിറ നിര്‍മാണം ആരംഭിക്കാനിരിക്കെയാണ്  വീണ്ടും കടലേറ്റമുണ്ടായത്.,

click me!