
കാസർകോട്: മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി കുറ്റിക്കാട്ടിൽ മദ്യലഹരിയിൽ കണ്ടെത്തിയ അമ്മയെ പൊലീസ് മഹിളാ മന്ദിരത്തിലേക്ക് മാറ്റി. കർണ്ണാടക ഹുബ്ബിളി യിലെ ദേവിയെ (26) ആണ് ബദിയടുക്ക പോലീസ് മഹിളാ മന്ദിരത്തിലേക്ക് മാറ്റിയത്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് പൊലീസിന് തലവേദനയായ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
സംഭവം പൊലീസ് വിവരിക്കുന്നത് ഇങ്ങനെ
ഭർത്താവുമായി പിണങ്ങി നിൽക്കുകയാണ് ദേവി. ബേള ചൗക്കാറിൽ റോഡരികിലെ കുറ്റിക്കാട്ടിൽ നിന്നും കുഞ്ഞിന്റെ ശബ്ദം കേട്ട് നാട്ടുകാരാണ് ആദ്യം സ്ഥലത്തെത്തിയത്. 26 കാരിയായ യുവതി മദ്യലഹരിയിൽ വീണ് കിടക്കുകയും സമീപത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തുകയുമായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്.
മദ്യലഹരിയിൽ ആടിയുലഞ്ഞു നിൽക്കുകയായിരുന്ന ദേവിയെയും കുഞ്ഞിനെയും വനിതാ പോലീസിന്റെ സഹായത്തോടെ ആദ്യം കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സക്ക്ക് ശേഷമാണ് ദേവിക്ക് ബോധം വീണ്ടു കിട്ടിയത്.
യുവതിയെ മഹിളാ മന്ദിരത്തിൽ കൊണ്ടുപോകാനും കുഞ്ഞിനെ ചെൽഡ് ലൈൻ പ്രവർത്തകരെ ഏൽപ്പിക്കാനും പോലീസ് തയ്യാറായെങ്കിലും കുഞ്ഞിനെയും തന്‍റെയൊപ്പം മഹിളാമന്ദിരത്തിലേക്ക് അയക്കണമെന്ന് യുവതി വാശി പിടിച്ചതോടെ അമ്മയെയും കുഞ്ഞിനെയും മഹിളാമന്ദിരത്തിൽ പാർപ്പിക്കുകയായിരുന്നുവെന്ന് എസ്.ഐ.മെൽവിൻജോസ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam