അമരവിള ജെബിഎസ് സ്കൂളിന്‍റെ ശുചിമുറിയില്‍ പോലും കാട്; പരസ്‍പരം പഴിചാരി നഗരസഭയും സ്‍കൂളും

By Web TeamFirst Published Nov 24, 2019, 7:32 PM IST
Highlights

കാടുവെട്ടി തെളിക്കേണ്ട ഉത്തരവാദിത്തം പരസ്‍പരം പഴിചാരി കയ്യൊഴിയുകയാണ് സ്കൂൾ അധികൃതരും നഗരസഭയും പിടിഎയും. ഒരേക്കര്‍ പറമ്പിൽ കെട്ടിടങ്ങൾ ഉള്ള ഭാഗത്ത് ഒഴികെ മറ്റെല്ലായിടത്തും കാടാണ്.

തിരുവനന്തപുരം: ശുചിമുറിയിലേക്ക് പോലും കാടുകയറിയ നിലയിലാണ് തിരുവനന്തപുരം അമരവിളയിലെ ജെബിഎസ് സ‍ർക്കാർ യുപി സ്കൂൾ. 65 ഓളം പ്രീ പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നത് തീർത്തും സുരക്ഷിതമല്ലാത്ത അന്തരീക്ഷത്തിലാണ്. കാടുവെട്ടി തെളിക്കേണ്ട ഉത്തരവാദിത്തം പരസ്‍പരം പഴിചാരി കയ്യൊഴിയുകയാണ് സ്കൂൾ അധികൃതരും നഗരസഭയും പിടിഎയും. ഒരേക്കര്‍ പറമ്പിൽ കെട്ടിടങ്ങൾ ഉള്ള ഭാഗത്ത് ഒഴികെ മറ്റെല്ലായിടത്തും കാടാണ്.

നഴ്സറി കെട്ടിടത്തിന് മുകളിലേക്ക് ആഞ്ഞുനിൽക്കുകയാണ് മരക്കൊമ്പുകൾ. സ്കൂൾ പരിസരത്ത് പാമ്പും മരപ്പട്ടിയും ഒക്കെ ഉണ്ടെന്ന് ജീവനക്കാർ തന്നെ പറയുന്നു. നഗരസഭയിൽ നിന്നുള്ള ജീവനക്കാരായിരുന്നു കാട് വെട്ടിതെളിച്ചിരുന്നത്. എന്നാല്‍ ഒരുവര്‍ഷമായി കാടുവെട്ടിതെളിച്ചിട്ടില്ല. പിടിഎയാണ് സ്കൂൾ പരിസരം വൃത്തിയാക്കേണ്ടത് എന്നാണ് നഗരസഭയുടെ വാദം. എന്നാൽ നഗരസഭയ്ക്കാണ് ഉത്തരവാദിത്തം എന്ന് പറഞ്ഞ് സ്കൂൾ അധികൃതരും കയ്യൊഴിയുന്നു. അമരവിള, ചെങ്കൽ, ഉദയൻകുളങ്ങര എന്നിവിടങ്ങളിലെ പട്ടികജാതി പട്ടികവർഗ്ഗകുടുംബങ്ങളിലെ കുട്ടികളാണ് ഈ സ്കൂളിലെ കൂടുതൽ വിദ്യാർത്ഥികളും.

click me!