
തിരുവനന്തപുരം: ആലപ്പുഴ ജില്ലയിലെ ചമ്പകുളത്ത് ആംബുലൻസിൽ പ്രവേശിപ്പിച്ച രോഗിക്ക് ഓക്സിജൻ നൽകുന്നതിനിടെ തീപിടുത്തം ഉണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ സർവീസ് നടത്തുന്ന 108 ആംബുലൻസുകൾ അടിയന്തിര പരിശോധനയ്ക്ക് വിധേയമാക്കി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി.വി അരുണിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
108 ആംബുലൻസ് സോണൽ ഓഫീസർ ബിജുവിന്റെ നേതൃത്വത്തിൽ 108 ആംബുലൻസുകളിൽ ഓക്സിജൻ അറ്റകുറ്റപണികൾ നടത്തുന്ന സ്ഥാപനത്തിന്റെ പ്രധിനിധിയുടെ സഹായത്തോടെയാണ് പരിശോധന നടന്നത്. നിരത്തിൽ ഓടുന്ന എല്ലാ 108 ആംബുലൻസുകളും പരിശോധിച്ചതിൽ ഒന്നിലും കാര്യമായ പ്രശ്നങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല.
വരും ദിവസങ്ങളിൽ ആംബുലൻസുകളിലെ ഓക്സിജൻ സിലിണ്ടറുകൾ കാലിബറേഷൻ നടത്താൻ നിർദേശം നൽകിയതായി ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി.വി അരുൺ അറിയിച്ചു. ചമ്പക്കുളം സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആംബുലൻസ് ജീവനക്കാർക്ക് ഓക്സിജൻ സിലിണ്ടറുകൾ കൈകാര്യം ചെയ്യുന്നതിൽ ബോധവത്കരണം നൽകുമെന്നും കൂടാതെ ഇത്തരം സാഹചര്യങ്ങൾ നേരിടുന്നതിന്റെ ഭാഗമായി അഗ്നിശമന പരിശീലനം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam