ഭൂമി സ്വന്തമാക്കാന്‍ 'അമേരിക്കൻ പട്ടയം'; വാഗമണ്ണിൽ കൈയേറിയത് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഏക്കറുകണക്കിന് ഭൂമി

Published : Jul 26, 2026, 10:15 AM IST
wagamon

Synopsis

വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ, 'അമേരിക്കൻ പട്ടയം' എന്നറിയപ്പെടുന്ന വ്യാജ രേഖ ഉപയോഗിച്ച് ഭൂമാഫിയ കോടികൾ വിലമതിക്കുന്ന 25 ഏക്കർ സർക്കാർ ഭൂമി കൈയേറി. 2012-ൽ സർക്കാർ ഏറ്റെടുത്ത ഈ സ്ഥലത്ത്, മൊട്ടക്കുന്നുകൾ നശിപ്പിച്ച് റോഡുകളും മറ്റ് നിർമ്മാണങ്ങളും നടത്തി റിസോർട്ടുകൾക്കായി വിൽക്കാൻ ശ്രമം നടക്കുകയാണ്.

തൊടുപുഴ: വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിലെ മൊട്ടക്കുന്നിൽ ഏക്കറുകണക്കിന് സർക്കാർ ഭൂമി മാഫിയ കൈയടക്കി. തെറ്റായ നടപടിയിലൂടെ സമ്പാദിച്ച പട്ടയത്തിന്റെ മറവിലാണ് 80 കോടിയോളം രൂപ വിലമതിക്കുന്ന സ്ഥലം കൈവശപ്പെടുത്തിയത്. 2012ൽ സർക്കാർ ബോർഡ് വച്ച് റവന്യൂ വകുപ്പ് ഏറ്റെടുത്ത ഭൂമിയാണ് വീണ്ടും കൈയേറിയത്. വാഗമണ്ണിൻറെ പ്രത്യേകതയായ മൊട്ടക്കുന്നിലാണ് ഇരുപത്തിയഞ്ച് ഏക്കറോളം സ്ഥലം കൈയേറ്റ മാഫിയ സ്വന്തമാക്കിയത്. വാഗമണ്ണിലെ ഇൻഡോസ്വിസ് പ്രൊജക്ട് അവസാനിച്ചപ്പോൾ സ്ഥലം കെഎൽഡി ബോർഡ്, വനം, ടൂറിസം എന്നീ വകുപ്പുകൾക്ക് കൈമാറാൻ ഉത്തരവിട്ടിരുന്നു. ഇത് അളന്നുതിരിക്കുന്നതിലുണ്ടായ കാലതാമസം മൂലം ഏക്കറുകണക്കിനു ഭൂമി കൈയേറ്റക്കാർ സ്വന്തമാക്കി. പട്ടയ വിതരണത്തിന് വിലക്കുണ്ടായിരുന്ന 2001 ൽ ഈ ഭൂമിക്ക് നാല് പ്രവാസി വ്യവസായികൾ പട്ടയം തരപ്പെടുത്തി. അമേരിക്കൻ പട്ടയമെന്നായിരുന്നു വിളിപ്പേര്. വ്യവസ്ഥകളെല്ലാം കാറ്റിൽ പറത്തിയാണ് അന്ന് ഉദ്യോഗസ്ഥർ പട്ടയം നൽകിയത്. മൊട്ടക്കുന്നിന് പട്ടയം നൽകാനാവില്ലെന്ന് നിയമവും ലംഘിച്ചു.

2012ൽ ഇവിടെ കൈയേറ്റം വ്യാപകമാണെന്ന ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിനെ തുടർന്ന് 150 ഏക്കർ ഭൂമി സർക്കാർ ബോർഡ് സ്ഥാപിച്ച് ഏറ്റെടുത്തു. ഈ ബോർഡ് പിഴുതു മാറ്റിയാണ് കൈയേറ്റക്കാർ പണികളിപ്പോൾ നടത്തുന്നത്. ഭൂമി വേലികെട്ടിത്തിരിച്ച് സിസിടിവി ക്യമറകളും സ്ഥാപിച്ചു. അപൂർവ്വ ജൈവവൈവിധ്യം നിറഞ്ഞ മൊട്ടക്കുന്നുകൾ കീറിമുറിച്ച് കിലോമീറ്ററുകളോളം ദൂരത്തിൽ റോഡ് വെട്ടി. രണ്ടു ഷെഡ്ഡുകളും പണിതു. അനുമതിയില്ലാതെ പാറപൊട്ടിച്ച് സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തി കുളവും നിർമ്മിച്ചിട്ടുണ്ട്. വാഗമണ്ണിന്റെ ടൂറിസം സാധ്യത കണക്കിലെടുത്ത് റിസോർട്ടുകൾ നിർമ്മിക്കാൻ ഭൂമി മുറിച്ച് വിൽക്കാനുള്ള നടപടികളാണ് നടക്കുന്നത്. കോടിക്കണക്കിന് രൂപ വിലവരുന്ന ഭൂമി നഷ്ടപ്പെട്ടിട്ടും റവന്യൂ വകുപ്പ് നടപടിയൊന്നുമെടുത്തിട്ടില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നൽകിയില്ല, തർക്കം; പാലക്കാട് 24 കാരനെ കുത്തിക്കൊന്നു
നെയ്യാർ ഡാം പൊലീസിനെ ആക്രമിച്ചു, കാട്ടാക്കട പൊലീസിൻ്റെ പിടിയിലായി പ്രതി; പത്തോളം ക്രിമിനൽ കേസുകൾ