
കോഴിക്കോട്: ബാലുശ്ശേരി ഉണ്ണികുളം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഐസ് ഫാക്ടറിയില്‍ നിന്ന് അമോണിയ ചോര്‍ന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് 12.30ഓടെയാണ് അമോണിയ ചോർന്നത്. മങ്ങാട്ടെ നരോത്ത്കാടില്‍ പ്രവര്‍ത്തിക്കുന്ന ഐസ് ഫാക്ടറിയിൽ പൊട്ടിത്തെറി ഉണ്ടാവുകയും പിന്നാലെ അമോണിയം ചോരുകയുമായിരുന്നു. ഐസ് ഫാക്ടറിക്ക് ഏകദേശം 200 മീറ്ററോളം ചുറ്റളവില്‍ താമസിച്ചിരുന്നവര്‍ക്ക് ശ്വാസതടസവും ചൊറിച്ചിലും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതായാണ് നാട്ടുകാര്‍ പറയുന്നത്.
ഫാക്ടറി പരിസരങ്ങളിലെ ചെടികളും മരങ്ങളും കരിഞ്ഞുപോയ അവസ്ഥയിലാണ്. പ്രസ്തുത കമ്പനിക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് നാട്ടുകാര്‍ ഉയർത്തുന്നത്. യോഗ്യരായ ടെക്‌നീഷ്യന്‍മാര്‍ ഇല്ലാതെയും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതെയും പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ മറ്റൊരു സ്ഥാപനത്തില്‍ ഉപയോഗിച്ച് പഴകിയ യന്ത്രസംവിധാനങ്ങളാണ് പ്രവര്‍ത്തിപ്പിച്ചിരുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നത്. അപകടം നടന്നതിനെ തുടര്‍ന്ന് സ്ഥലത്ത് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഉദ്യോഗ്സ്ഥര്‍ പരിശോധന നടത്തുകയും അമോണിയ ചോര്‍ച്ച സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
പഞ്ചായത്ത് ആരോഗ്യ വിഭാഗം അധികൃതരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഐസ് ഫാക്ടറി ഇനി പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത് എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം