'പ്രിയപ്പെട്ട കുര്യൻ സാറെ, ക്ഷുഭിത യുവത്വം പലതും തിരിച്ചും ചോദിക്കും', ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്നും യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ഉപാധ്യക്ഷൻ

Published : Jul 13, 2025, 01:54 PM IST
pj kuryan

Synopsis

'ഡൽഹിയിലെ കുളിരിൽ ഉല്ലസിക്കുന്ന സമയം നാട്ടിലെ പാർട്ടി പ്രവർത്തകരെ സംരക്ഷിച്ചിരുന്നുവെങ്കിൽ ഒരു പഞ്ചായത്തിൽ 25 അല്ല അതിൽ അധികം യൂത്ത് കോൺഗ്രസ് കാരെ ഉണ്ടാക്കാമായിരുന്നു'

കണ്ണൂർ: പത്തനംതിട്ടയിലെ പൊതുയോഗത്തിൽ യൂത്ത് കോൺഗ്രസിനെ വിമർശിക്കുകയും എസ് എഫ് ഐയെ പുകഴ്ത്തുകയും ചെയ്ത കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗവും മുതിർന്ന നേതാവുമായ പി ജെ കുര്യന് മറുപടിയുമായി യൂത്ത് കോൺഗ്രസ് കണ്ണൂർ ഉപാധ്യക്ഷൻ ഫർസിൻ മജീദ് രംഗത്ത്. 'രാജ്യസഭാ ഉപാധ്യക്ഷൻ, ചീഫ് വിപ്പ്, കേന്ദ്ര മന്ത്രി തുടങ്ങിയ സ്ഥാനങ്ങളെല്ലാം വഹിച്ചിട്ടുള്ള കുര്യൻ സാറ്, കേന്ദ്രത്തിൽ കോൺഗ്രസിന് അധികാരം നഷ്ടമായത് കൊണ്ട് മാത്രം പത്തനംതിട്ടയിൽ വന്ന് യൂത്ത് കോൺഗ്രസ് പോരാ എന്ന് പ്രസംഗിച്ചത്' ഉൾക്കൊള്ളാൻ പറ്റില്ലെന്നാണ് ഫർസിൻ മജീദ് ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടത്. ഡൽഹിയിലെ കുളിരിൽ ഉല്ലസിക്കുന്ന സമയം നാട്ടിലെ പാർട്ടി പ്രവർത്തകരെ സംരക്ഷിച്ചിരുന്നുവെങ്കിൽ ഒരു പഞ്ചായത്തിൽ 25 അല്ല അതിൽ അധികം യൂത്ത് കോൺഗ്രസ് കാരെ ഉണ്ടാക്കാമായിരുന്നുവെന്നും യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്‍റ് കൂട്ടിച്ചേർത്തു. പാർട്ടി പ്രതിസന്ധിയിൽ നിന്ന് കരകയറുവാനുള്ള പോരാട്ടത്തിൽ പ്രവർത്തകർ വിയർപ്പൊഴുക്കുമ്പോൾ തോളിൽ തട്ടി അഭിനന്ദിച്ചില്ലെങ്കിലും ചവിട്ടി താഴ്ത്താൻ നിക്കരുത്. ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്നും ക്ഷുഭിത യുവത്വം പലതും തിരിച്ചും ചോദിക്കുമെന്നും ഫർസിൻ മജീദ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ഫർസിൻ മജീദിന്‍റെ കുറിപ്പ്

പ്രിയപ്പെട്ട കുര്യൻ സാറിന്,

പി ജെ കുര്യൻ

വയസ്സ് 84

പത്തനംതിട്ട

ഏഴ് തവണ ലോകസഭയിലേക്ക് മത്സരിച്ചു അതിൽ

ആറ് തവണ ലോകസഭാ അംഗം.

ഒരു തവണ രാജ്യസഭാ അംഗം.

36വർഷങ്ങൾ..!

രാജ്യസഭാ ഉപാധ്യക്ഷൻ, ചീഫ് വിപ്പ്, കേന്ദ്ര മന്ത്രി തുടങ്ങിയ സ്ഥാനങ്ങളും, ഐ ഐ ടി ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്.

കേന്ദ്രത്തിൽ അധികാരം കോൺഗ്രസിന് നഷ്ടമായത് കൊണ്ട് മാത്രം പത്തനംതിട്ടയിൽ വന്ന് യൂത്ത് കോൺഗ്രസ് പോരാ എന്ന് പ്രസംഗിക്കാൻ സാധിച്ച കുര്യൻ സാറെ..

ഈ പറഞ്ഞ സ്ഥാനങ്ങൾ ഒക്കെ താങ്കൾക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സംഭാവന ചെയ്തതാണ് എന്ന് മനസിലാക്കാൻ പറ്റി.

തിരിച്ച് എന്തെങ്കിലും താങ്കൾ പാർട്ടിക്ക് വേണ്ടി സ്വന്തം ജില്ലയിൽ എങ്കിലും സംഭാവന നൽകിയിരുന്നു എങ്കിൽ കെ കരുണാകരൻ കോൺഗ്രസിനായി ഉണ്ടാക്കിയ പത്തനംതിട്ട ജില്ലയിൽ പാർട്ടി ഇന്ന് എം എൽ എ മാർ വട്ട പൂജ്യം ആവുമായിരുന്നില്ല.

ഡൽഹിയിലെ കുളിരിൽ ഉല്ലസിക്കുന്ന സമയം നാട്ടിലെ പാർട്ടി പ്രവർത്തകരെ സംരക്ഷിച്ചിരുന്നുവെങ്കിൽ ഒരു പഞ്ചായത്തിൽ 25 അല്ല അതിൽ അധികം യൂത്ത് കോൺഗ്രസ് കാരെ ഉണ്ടാക്കാമായിരുന്നു.

കുറഞ്ഞത് 10 കേസ് ഇല്ലാത്ത ഒരു സാധാരണ യൂത്ത് കോൺഗ്രസ് നേതാവും ഇന്ന് കേരളത്തിൽ ഇല്ല കുര്യൻ സാറെ..

കേസിന് ഫൈൻ അടക്കാൻ പണം ഇല്ലാതെ ജയിലിൽ കിടക്കാൻ പോലും ഞാൻ അടക്കമുള്ള പ്രവർത്തകർ പല വട്ടം ആലോചിച്ചിട്ടുണ്ട്.

വിമർശനങ്ങൾ ഉൾക്കൊള്ളാമായിരുന്നു,

ഒരു അടച്ചിട്ട മുറിയിൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തെ ഇരുത്തി അവർക്ക് പറ്റുന്ന സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടായിരുന്നുവെങ്കിൽ..

മാധ്യമങ്ങളുടെ മുന്നിൽ വച്ച് താങ്കൾ പേര് വിളിച്ച്‌ ഉപദേശിച്ചവരൊക്കെ താങ്കളുടെ നാട്ടുകാർ കൂടിയാണെന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു.

പാർട്ടി പ്രതിസന്ധിയിൽ നിന്ന് കരകയറുവാനുള്ള പോരാട്ടത്തിൽ പ്രവർത്തകർ വിയർപ്പൊഴുക്കുമ്പോൾ തോളിൽ തട്ടി അഭിനന്ദിക്കണം എന്ന് പറയുന്നില്ല..

ചവിട്ടി താഴ്ത്തരുത്..

ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്.

ക്ഷുഭിത യുവത്വം പലതും തിരിച്ചും ചോദിക്കും.

 

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു