
വയനാട്: വായ്പ ആപ്പ് ഭീഷണിയെ തുടർന്ന് ജീവനൊടുക്കിയ വയനാട് അരിമുള സ്വദേശി അജയ് രാജ് ക്യാൻഡി ക്യാഷിനു പുറമെ മറ്റ് വായ്പ ആപ്പുകളും ഉപയോഗിച്ചെന്ന് സംശയം. അജയ് രാജിന്‍റെ ഫോണിൽ മറ്റു വായ്പാ ആപ്പുകളുമുണ്ട്. ഇക്കാര്യത്തില്‍ വിശദമായ പരിശോധന വേണമെന്ന് പൊലീസ് അറിയിച്ചു.
ലോണുമായി ബന്ധപ്പെട്ട് അജയ് രാജിന് വന്നതെല്ലാം ഇന്റർനെറ്റ് കോളുകളാണ്. സന്ദേശം വന്ന വാട്സ്ആപ്പ് നമ്പറുകൾ ഉപയോഗിച്ച ഫോണിന്റെ ഐപി അഡ്രസ് കണ്ടെത്തണം. ഇതിനായി മെറ്റയെ സമീപിക്കാനൊരുങ്ങുകയാണ് പൊലീസ്.
ലോൺ ആപ്പിൽ നിന്ന് പണം കടമെടുത്തതിന് പിന്നാലെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ അയച്ചുള്ള ഭീഷണിയും ആത്മഹത്യയ്ക്ക് പ്രേരണയായെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഭാര്യയും മക്കളും അടക്കമുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണുകളിലേക്ക് മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ വന്നിരുന്നു. പണം തിരിച്ചു അടയ്ക്കാൻ വ്യാജചിത്രം ഉപയോഗിച്ച് അജയ് രാജിനെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. മരിക്കുന്നതിന് അഞ്ച് മിനുറ്റ് മുമ്പ് പോലും അജയ് രാജിന് ഭീഷണി സന്ദേശം വന്നിരുന്നു എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.
ലോട്ടറി വില്പനക്കാരനായിരുന്നു അജയ് രാജ്. 3747 രൂപയാണ് സെപ്തംബർ ഒമ്പതിന് അജയ് രാജ് ക്യാൻഡി ക്യാഷ് എന്ന ആപ്പിൽ നിന്ന് കടമെടുത്തത്. വിൽപ്പനയ്ക്ക് ടിക്കറ്റ് എടുക്കാൻ കൽപ്പറ്റയിലേക്ക് രാവിലെ പോയതാണ്. എന്നാൽ അരി മുള എസ്റ്റേറ്റിന് സമീപത്ത് വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഫോണിൽ വിളിച്ചപ്പോൾ കിട്ടിയതുമില്ല. പിന്നാലെ ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ തെരച്ചിലിലാണ് അജയ് രാജിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അജയ് രാജ് നാട്ടിലെ സുഹൃത്തുക്കളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും കടം വാങ്ങിയിട്ടുണ്ട്. പൊലീസിന്‍റെ അന്വേഷണ പരിധിയിൽ ഇതും ഉൾപ്പെടും.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam