
തിരുവനന്തപുരം: ഷാനുവിന് ഇനി സ്വപ്നങ്ങൾക്ക് പുറകെ പായാൻ കൈത്താങ്ങായി ഇലക്ട്രിക് വീൽ ചെയർ നൽകി സഹായം ഒരുക്കി പേര് വിവരങ്ങൾ വെളിപ്പെടുത്താൻ താല്പര്യം ഇല്ലാത്ത ദമ്പതികൾ. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ വാർത്തയ്ക്ക് പിന്നാലെയാണ് ഷാനുവിന് പിന്തുണയും സഹായവുമായി ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്ന് മലയാളികൾ എത്തിയത്. കഴിഞ്ഞ ഏഴിനാണ് 12 വർഷമായി കിടക്കയിൽ തന്നെ ജീവിതം കഴിച്ചുകൂട്ടുന്ന വിഴിഞ്ഞം കോട്ടപ്പുറം കടയ്ക്കുളം കോളനിയിൽ വർഗീസ് മാഗി ദമ്പതികളുടെ മൂന്നാമത്തെ മകൾ ഷാനു വർഗീസെന്ന 26കാരിയുടെ ജീവിത കഥ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തയാക്കിയത്.
വാർത്ത വന്നതിന് പിന്നാലെ നിരവധി പേരാണ് ഷാനുവിന് പിന്തുണയും സഹായവുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെ ഇന്നലെ ഷാനുവിനെ തേടി ഇലക്ട്രിക് വീൽചെയറുമായി പത്തനംതിട്ട സ്വദേശികളായ പേര് വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹം ഇല്ലാത്ത ദമ്പതികൾ വീട്ടിലെത്തി. 60,000 രൂപയോളം വില വരുന്ന വീൽചെയറാണ് ഇവർ ഷാനുവിന് കൈമാറിയത്. തങ്ങൾക്കും പെൺമക്കളാണ് ഉള്ളതെന്നും ഷാനുവിന്റെ വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോൾ സങ്കടം തോന്നിയെന്നും ഉടനെ തന്നെ വീൽചെയർ ഓർഡർ നൽകി എന്നും ദമ്പതികൾ പറയുന്നു. ഷാനുവിന് ഒപ്പം സമയം ചെലവഴിച്ച ശേഷമാണ് ഇവർ മടങ്ങിയത്. പതിയെ വീൽചെയറിൽ പുറത്തേക്ക് ഇറങ്ങി ഇനി മുന്നോട്ടു തന്‍റെ സ്വപ്നങ്ങൾക്ക് പുറകെ പോകാനാണ് ഷാനുവിന്റെ ആഗ്രഹം.
വാർത്ത വന്നതിന് പിന്നാലെ ഷാനുവിന് കേരളത്തിനകത്തും പുറത്തും നിന്ന് പിന്തുണയുമായി നിരവധി പേരാണ് വിളിക്കുന്നതെന്ന് ഷാനു പറയുന്നു. യൂട്യൂബ് വഴി കൈകൊണ്ട് കമ്പിളി വസ്ത്രങ്ങൾ നെയ്തെടുക്കുന്ന ക്രോച്ചെറ്റ് എന്ന വിദ്യ വഴി ഷാനുവിന് വരുമാനം നേടാൻ വേണ്ട സഹായങ്ങൾ ഒരുക്കാമെന്നും പലരും വാക്ക് നൽകിയിട്ടുണ്ട്. ഗ്രാഫിക് ഡിസൈനിങ് പഠിക്കണം എന്നും ഒരു തൊഴിൽ നേടി വീട്ടുകാരെ പിന്തുണയ്ക്കണം എന്നുമാണ് ഷാനുവിന്റെ ആഗ്രഹം.
12 വർഷം മുൻപ് സംഭവിച്ച അപകടത്തിലാണ് ഷാനുവിൻ്റെ ജീവിതം മാറ്റിമറിച്ചത്. 2011ൽ വെങ്ങാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് പഠിക്കുമ്പോഴാണ് ഷാനുവിന് അപകടം സംഭവിക്കുന്നത്. സ്കൂൾ വിട്ട് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങിയ ഷാനുവിനെ പിന്നാലെ വന്ന കാർ ഇടിച്ചിട്ട് നിറുത്താതെ പോകുകയായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കുപറ്റിയ ഷാനുവിനെ ആദ്യം തിരുവനന്തപുരം മെഡിക്കൽ കോളേജിലും പിന്നീട് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആദ്യ ശസ്ത്രക്രിയ കഴിഞ്ഞ ശേഷം ഷാനുവിന് പതിയെ നടക്കാൻ സാധിക്കുമായിരുന്നു എന്ന് മാതാപിതാക്കൾ പറയുന്നു. തുടർന്ന് 2012ൽ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ തന്നെ നടത്തിയ രണ്ടാമത്തെ ശസ്ത്രക്രിയയാണ് കുട്ടിയുടെ ജീവിതം മാറ്റിമറിച്ചത്. ഈ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ഷാനുവിന്റെ അരയ്ക്കു താഴോട്ട് തളർന്ന അവസ്ഥയായത്. തങ്ങളെ സഹായിച്ച എല്ലാവർക്കും ഷാനുവിന്‍റെ കുടുംബം നന്ദി അറിയിച്ചു.
12 വർഷമായി ജീവിതം കിടക്കയിൽ; കമ്പിളിതൊപ്പിയും സ്വെറ്ററും തുന്നി, വിധിയോട് പൊരുതി ഷാനു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam