ആറാം വയസിൽ അഞ്ഞൂറോളം വൃക്ഷത്തൈകളുടെ അമ്മയായ ആദിശ്രീ

By Web TeamFirst Published Jun 5, 2021, 9:15 PM IST
Highlights

ആറ് വയസുകാരിയാണ് ആദിശ്രീ. ഈ ചെറിയ പ്രായത്തില്‍ ഈ കൊച്ചു മിടുക്കി നട്ടു പരിപാലിയ്ക്കുന്നത് അഞ്ഞൂറിലധികം വൃക്ഷതൈകളാണ്. നെടുങ്കണ്ടത്തെയും ഉടുമ്പന്‍ചോലയിലെയും നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആദി ശ്രീ നട്ട വൃക്ഷതൈകളുണ്ട്. 

ഇടുക്കി: ആറ് വയസുകാരിയാണ് ആദിശ്രീ. ഈ ചെറിയ പ്രായത്തില്‍ ഈ കൊച്ചു മിടുക്കി നട്ടു പരിപാലിയ്ക്കുന്നത് അഞ്ഞൂറിലധികം വൃക്ഷതൈകളാണ്. നെടുങ്കണ്ടത്തെയും ഉടുമ്പന്‍ചോലയിലെയും നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആദി ശ്രീ നട്ട വൃക്ഷതൈകളുണ്ട്. ആദിശ്രീയും അച്ചന്‍ അനില്‍കുമാറും മിക്ക സമയങ്ങളിലും തിരക്കിലാണ്. 

പാതയോരങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സമീപത്തും സ്വന്തം കൃഷിയിടത്തിലും മരങ്ങളെ നട്ടുപരിപാലിക്കുന്ന തിരക്കില്‍. ആദിശ്രീയുടെ പിറന്നാള്‍ ദിനത്തിലും പരിസ്ഥിതി ദിനത്തിലുമെല്ലാം ഫല വൃക്ഷങ്ങളുടേയും തണല്‍ മരങ്ങളുടേയും പൂച്ചെടികളുടേയും തൈകള്‍ ഇരുവരും ചേര്‍ന്ന് നടും. 

നെടുങ്കണ്ടത്തേയും ഉടുമ്പന്‍ചോലയിലേയും പൊലിസ് സ്‌റ്റേഷന്‍, ആദിശ്രീ പഠിക്കുന്ന പച്ചടി എസ്എന്‍ എല്‍പി സ്‌കൂള്‍, നെടുങ്കണ്ടം മിനി സിവില്‍ സ്റ്റേഷന്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ക്ക് മുന്‍പില്‍ ഇരുവരും ചേര്‍ന്ന് നട്ട മരങ്ങളുണ്ട്. തൈകള്‍ നടുക മാത്രമല്ല കൃത്യമായി ഇവയെ പരിപാലിയ്ക്കുകയും ചെയ്യും.
മൂന്നാം പിറന്നാള്‍ ദിനത്തില്‍ അച്ഛന്‍ സമ്മാനിച്ച പ്ലാവിന്‍ തൈയാണ് ആദിശ്രീ ആദ്യം നട്ടത്. 

താന്‍ നട്ട തൈകള്‍ സമയം കിട്ടുമ്പോഴെല്ലാം ആദിശ്രീ നേരിട്ടെത്തി പരിപാലിക്കും. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സ്മരണയ്ക്കായും സ്വന്തം പുരയിടത്തില്‍ തൈകള്‍ നട്ട് പരിപാലിയ്ക്കുന്നുണ്ട്.  പ്രകൃതി സ്‌നേഹത്തിന്റെ വലിയ പാഠമാണ് ആദിശ്രീ കുഞ്ഞുപ്രായത്തില്‍ സമൂഹത്തിന് പകര്‍ന്ന് നല്‍കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!