kerala Rains | മഴ കുറഞ്ഞു; അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു

Published : Oct 20, 2021, 12:09 PM ISTUpdated : Oct 20, 2021, 02:05 PM IST
kerala Rains | മഴ കുറഞ്ഞു; അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു

Synopsis

അതിരപ്പിള്ളി പുഴ നിറഞ്ഞാഴുകിയതിനെ തുടർന്ന് അടച്ച വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു. അപകട ഭീഷണിയെത്തുടർന്ന് ജില്ലാ ദുര ന്തനിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരമാണ് കഴിഞ്ഞ വെള്ളിയാഴ്ച അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടച്ചത്

തൃശ്ശൂർ: അതിരപ്പിള്ളി പുഴ നിറഞ്ഞാഴുകിയതിനെ തുടർന്ന് അടച്ച വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു. അപകട ഭീഷണിയെത്തുടർന്ന് ജില്ലാ ദുര ന്തനിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരമാണ് കഴിഞ്ഞ വെള്ളിയാഴ്ച അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടച്ചത്. മഴ മാറി പുഴയിലെ നീരൊഴുക്ക് കുറഞ്ഞതോടെയാണ് വിനോദ സഞ്ചാരകേന്ദ്രങ്ങൾ തുറക്കാൻ തീരുമാനമായത്. എന്നാൽ, മലക്കപ്പാറയിലേക്ക് പോകാൻ അനുവദിക്കില്ല. മലക്കപ്പാറ റൂട്ട് 24 വരെ തുറക്കേണ്ടെന്ന് തീരുമാനം.

അതേസമയം സംസ്ഥാനത്തെ മഴ ഭീതി കുറയുകയാണ്. കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ അറിയിപ്പ് പ്രകാരം ഇന്ന് മൂന്ന് ജില്ലകളിൽ മാത്രമാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അതിതീവ്ര മഴക്ക് സാധ്യത. മറ്റ് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു. എന്നാൽ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. നാളത്തെ 12 ജില്ലകളിലെ  ഓറഞ്ച് അലർട്ടുകളും പിൻവലിച്ചു. 

മഴ മാറി നിന്നതോടെ ഇടുക്കിയുടെ മലയോര മേഖലയിൽ ആശ്വാസം.  നീരൊഴുക്ക് കാര്യമായി കുറയാത്തതിനാൽ ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നിട്ടിരിക്കുകയാണ്. മഴ മാറി നിൽക്കുകയും നീരൊഴുക്ക് കുറയുകയും ചെയ്താൽ ഇടുക്കി ഡാമിന്റെ ഷട്ടറുകൾ അടയ്ക്കുന്ന കാര്യവും കെ എസ് ഇ ബിയുടെ പരിഗണനയിലുണ്ട്. 

കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ നേരിയ തോതിൽ മാത്രമാണ് ഡാമിലേക്കുള്ള നീരൊഴുക്കിൽ കുറവുണ്ടായത്. മഴ മാറി നിന്നാൽ നീരൊഴുക്ക്  കുറയുമെന്നും ഡാമിലെ ജലനിരപ്പ് താഴുമെന്നുമാണ് കെഎസ്ഇബി കണക്കുകൂട്ടുന്നത്. അങ്ങനെ വന്നാൽ തുറന്നു വച്ചിരിക്കുന്ന ഷട്ടറുകളിൽ ഒന്നോ രണ്ടോ അടയ്ക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. 

മഴ മാറിയതോടെ ആലപ്പുഴ ജില്ലയിലെ കുട്ടനാട് , അപ്പർ കുട്ടനാട് മേഖലയിൽ ജലനിരപ്പ് കാര്യമായി കുറഞ്ഞു. ഒറ്റപ്പെട്ട ചില സ്ഥലങ്ങളിൽ മാത്രമാണ് വെള്ളക്കെട്ടുള്ളത്. അമ്പലപ്പുഴ തിരുവല്ല സംസ്ഥാനപാതയിൽ ഗതാഗതം പുനസ്ഥാപിച്ചു. എ.സി. റോഡിൽ ഭാഗികമായി വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. 

അതേസമയം,  മഴക്കെടുതിയെ തുടർന്ന് രൂക്ഷമായ കൃഷിനാശമാണ് ആലപ്പുഴ ജില്ലയിലെ കർഷകർ നേരിടുന്നത്. ഇന്ന് പുലർച്ചെ ചെറുതന പാണ്ടിയിലെ , തേവേരി പാടശേഖരത്തിൽ മട വീണു 400 ഏക്കറിലെ രണ്ടാം കൃഷി നശിച്ചു. 18 കോടിയിലധികം രൂപയുടെ കൃഷിനാശം  ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

PREV
click me!

Recommended Stories

ആഘോഷ രാവുകൾ എത്തി! കനകക്കുന്നിൽ പുഷ്പമേളയും ലൈറ്റ് ഷോയും; തീയതി കുറിച്ചോളൂ, ഡിസംബർ 23
പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം