അണക്കരയില്‍ അജ്ഞാത മൃഗത്തിന്‍റെ ആക്രമണം; 50 ഓളം മുയലുകളെ കൊന്നുതിന്നു

By Web TeamFirst Published Apr 30, 2022, 9:16 PM IST
Highlights

വീടിനോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള കുട്ടില്‍ നിന്ന് മുയലുകളെ ജീവി പിടികൂടുന്ന ശബ്ദം കേട്ട് ഉണര്‍ന്ന കുടുംബാംഗങ്ങള്‍ പുലിയോട് സദൃശമുള്ള ജീവി മുയലുകളെ കൊന്ന് ഭക്ഷിക്കുന്നതാണ് കാണുന്നത്...

ഇടുക്കി: ജനങ്ങളെ ഭീതിയിലാഴ്ത്തി അണക്കരയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും അജ്ഞാത ജീവിയുടെ ആക്രമണം. അമ്പതോളം മുയലുകളെയാണ് അജ്ഞാത ജീവി കൊന്നത്. അജ്ഞാത ജീവി പുലിയാണെന്നാണ് നാട്ടുകാർ ഉന്നയിക്കുന്ന സംശയം. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ അണക്കര മൗണ്ട്‌ഫോര്‍ട്ട് സ്‌കൂളിന് സമീപം താമസിക്കുന്ന കൃഷ്ണന്‍ പറമ്പില്‍ സജിയുടെ മുയലുകളെയാണ് അജ്ഞാത ജീവി പിടിച്ചത്.

വീടിനോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള കുട്ടില്‍ നിന്ന് മുയലുകളെ ജീവി പിടികൂടുന്ന ശബ്ദം കേട്ട് ഉണര്‍ന്ന കുടുംബാംഗങ്ങള്‍ പുലിയോട് സദൃശമുള്ള ജീവി മുയലുകളെ കൊന്ന് ഭക്ഷിക്കുന്നതാണ് കാണുന്നത്. ഇതിനെ തുടര്‍ന്ന് വീട്ടുകാര്‍ ശബ്ദം വച്ചതോടെ ഈ ജീവി ഓടിമറയുകയുമായിരുന്നു. കൃഷ്ണന്‍പറമ്പില്‍ റജി എബ്രഹാമിന്റെ വീട്ടുമുറ്റത്തെ കൂട്ടില്‍ നിന്ന് 41 മുയലുകളെ കൊന്നു. കഴിഞ്ഞ ദിവസം ഫാമില്‍ നിന്ന് പശുക്കിടാവിനെ ആക്രമിച്ചതിന് സമീപത്തു തന്നെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.

ഇന്നലെ രാവിലെ വണ്ടന്‍മേട്ടില്‍ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. രാവിലെ സ്ഥലത്തെത്തിയ വണ്ടന്‍മേട് ഫോറസ്റ്റ് സെക്ഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ മേഖലയില്‍ രണ്ട് ക്യാമറകള്‍ സ്ഥാപിച്ചു. കൂട്ടില്‍ ആകെ 41 മുയലുകള്‍ ആണ് ഉണ്ടായിരുന്നത്. ഇതില്‍ ഏതാനും മുയലുകളെ കൊന്ന നിലയില്‍ കൂടിന് സമീപത്തും മറ്റുള്ളവ സമീപത്തെ ഏലത്തോട്ടത്തില്‍ ഉപേക്ഷിച്ച നിലയിലുമാണ് കാണപ്പെട്ടത്. ചക്കുപള്ളം പഞ്ചായത്ത് പ്രസിഡണ്ട് പികെ രാമചന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ ജോസ് പുതുമന എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. 

കഴിഞ്ഞ ദിവസം ഇതിന്  തൊട്ടടുത്ത് തന്നെയുള്ള പശു ഫാമില്‍ നിന്നുമാണ് പശുക്കിടാവിനെ കൊന്ന് പാതിയോളം തിന്നത്. ഈ പരിസരത്തെ വീടുകളില്‍ വളര്‍ത്തുമൃഗങ്ങള്‍ ധാരാളമുള്ളതിനാല്‍ ജനങ്ങള്‍ ആശങ്കയിലാണ്. പുലിയാണോ അല്ലയോ എന്ന് വനംവകുപ്പ് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. പൂച്ചപ്പുലി ആകാം എന്ന സാധ്യതയാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.

click me!