
പാലക്കാട്: അട്ടപ്പാടിയിലെ ഐഎച്ച്ആർഡി കോളജിന് ജലസേചന വകുപ്പ് നോട്ടീസ് നൽകി. കോളേജ് കെട്ടിടത്തിന്റെ വാടക കുടിശിക ഇനത്തിൽ ഒരു കോടിയിലേറെ രൂപ നൽകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കുടിശ്ശിക നൽകിയില്ലെങ്കിൽ കോളേജിന്റെ പ്രവർത്തനം തന്നെ ബാധിക്കുമോയെന്ന ആശങ്കയിലാണ് അധ്യാപകരും വിദ്യാർത്ഥികളും.
അട്ടപ്പാടി ജലസേചന പദ്ധതിയുടെ കെട്ടിടം 2010ലാണ് ഐഎച്ച്ആർഡി കോളേജ് തുടങ്ങാൻ വിട്ടു കൊടുത്തത്. അഞ്ച് വർഷത്തേക്കായിരുന്നു കരാർ. ഇപ്പോൾ 13 വർഷമായി. ഇതുവരെ വാടകയിനത്തിൽ ഒരു രൂപ പോലും കിട്ടിയില്ലെന്നാണ് ജലസേചന വകുപ്പിന്റെ പരാതി. വെള്ളക്കരവും കോളേജ് അടച്ചില്ല. കാലാവധി കഴിഞ്ഞിട്ടും കരാർ പുതുക്കിയിട്ടുമില്ല. 2010 മുതൽ 2023 വരെയുള്ള കാലത്തെ വാടകയായി 1,74,01,200 രൂപ ഉടൻ നൽകണമെന്നാണ് ജലസേചന വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം അറിയിച്ച് ഐഎച്ച്ആർഡി ഡയറക്ടർക്ക് കത്ത് നൽകി. എന്നാൽ വാടക എത്രയെന്ന് ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നാണ് ഐഎച്ച്ആർഡിയുടെ വിശദീകരണം.
കോളേജിന് സ്വന്തമായി സ്ഥലവും കെട്ടിടവും വേണമെന്നത് ഏറെ കാലമായുള്ള ആവശ്യമാണ്. 40 വർഷമായി നിർമാണം നിലച്ച അട്ടപ്പാടി പദ്ധതിക്ക് വേണ്ടി ഏറ്റെടുത്ത 210 ഹെക്ടർ റവന്യൂ ഭൂമി ജലവിഭവ വകുപ്പിന്റെ കൈയ്യിലുണ്ട്. ഇതിൽ നിന്ന് കോളജിനായി അഞ്ച് ഏക്കർ ഭൂമി വിട്ടുനൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam