
പീരുമേട്: ഇടുക്കി പീരുമേട്ടിൽ കോടതി പരിസരത്തു വച്ച് ഭർത്താവ് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു. കോടതിയിൽ കേസുമായി ബന്ധപ്പെട്ട് വന്ന ദമ്പതികളായ ചക്കുപള്ളം മനകാലയിൽ ബിജുവാണ് ഭാര്യ 45- കാരിയായ അമ്പിളിയെ ആക്രമിച്ചത്. കുമളി പൊലീസ് ചാർജ്ജ് ചെയ്ത കേസിൽ കോടതി സമൻസ് പ്രകാരം സാക്ഷി പറയാനെത്തയതായിരുന്നു ദമ്പതികൾ. കേസ് സംബന്ധിച്ച് കേസ് വിവരങ്ങൾ എപിപിയുമായി സംസാരിച്ച് മുറിയിൽ നിന്നും ഇറങ്ങി വന്ന ഭാര്യയെ ഭർത്താവ് മാരകമായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
കഴുത്തിന് കുത്തേറ്റ അമ്പിളിയെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മുറിവുകൾ ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയും ചെയ്തു കഴുത്തിന് 15 ഓളം കുത്തുകളാണ് ഏറ്റത്. ഇതിനിടയ്ക്ക് ഭാര്യയും ഭർത്താവും തമ്മിലുള്ള കുടുംബവഴക്കിനെ തുടർന്ന് രണ്ടുപേരും വേറെ വേറെ താമസിക്കുകയായിരുന്നു എന്നാണ് വിവരം.
ഭാര്യയ്ക്ക് അവിഹിത ബന്ധം സംശയിച്ചാണ് ഭർത്താവ് ആക്രമിച്ചത്. എ പി പി യുടെ ഓഫീസിൽ മൊഴി പറയാന്‍ എത്തിയ ഭാര്യയെ കഴുത്തറക്കാൻ ശ്രമിക്കുകയും തുടര്‍ന്ന് കുത്തുകയും ആയിരുന്നു. കോടതി വളപ്പിൽ വച്ച് നടത്തിയ അക്രമത്തിൽ പ്രതിയായ ബിജുവിനെ പീരുമേട് പൊലീസ് സർക്കിൾ ഇൻസ്പെക്ടർ സുമേഷ് സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.