
മുഹമ്മ: മുട്ടത്തിപറമ്പ് സ്വദേശി പുത്തൻവീട്ടിൽ തങ്കമ്മ(67) യുടെ കഴുത്തിൽ അണിഞ്ഞിരുന്ന മാല അപഹരിക്കുവാൻ ശ്രമിച്ചതിന് തണ്ണീർമുക്കം കണ്ണങ്കരസ്വദേശിയായ അഖിൽ നിവാസിൽ അരുൺ ബാബുവിനെ(26) മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് മുട്ടത്തിപറമ്പ് ഭാവന ഗാർഡൻസിന് തെക്ക് വശം റോഡിൽ വച്ചാണ് അരുൺ ബാബു തങ്കമ്മയുടെ മാല കവരുവാൻ ശ്രമിച്ചത്.
തങ്കമ്മ വൈകിട്ട് പണി കഴിഞ്ഞ് വീട്ടിലേക്ക് റോഡിലൂടെ നടന്ന് വരുമ്പോൾ റോഡരുകിൽ സ്കൂട്ടറുമായി കാത്ത് നിന്ന പ്രതി തങ്കമ്മയുടെ പിറകെ സ്കുട്ടറിൽ ചെന്ന് തങ്കമ്മയുടെ കഴുത്തിൽ കിടന്നിരുന്ന മാല പിടിച്ച് പറിക്കാൻ ശ്രമിക്കുകയായിരുന്നു. മാല കവരുന്നതിനായി മാലയിൽ കയറിപിടിച്ച പ്രതിയെ തങ്കമ്മ പെട്ടെന്ന് തന്നെ തള്ളുകയും ബാലൻസ് തെറ്റിയ പ്രതി ദൗത്യം ഉപേക്ഷിച്ച് ഉടനെ സ്കുട്ടറുമോടിച്ച് സ്ഥലത്ത് നിന്നും കടന്ന് കളയുകയുമായിരുന്നു.
തങ്കമ്മയുടെ പരാതിയിൽ മുഹമ്മ പൊലീസ് കേസ്സ് രജിസ്റ്റർ ചെയ്തു. സ്ഥലത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചും പ്രദേശവാസികളെ കണ്ട് അന്വേഷണം നടത്തി അരുൺ ബാബുവാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തുകയും തുടർന്ന് പ്രതിയെ മണിക്കുറുകൾക്കകം അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതി ഉപയോഗിച്ച സ്കുട്ടറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്.