സ്വകാര്യ റബര്‍ ഫാക്ടറിയില്‍ നിന്ന് ദുര്‍ഗന്ധം: ശ്വാസംമുട്ടി മൂന്ന് പഞ്ചായത്തിലെ ജനം, ജില്ലാ കളക്ടര്‍ക്ക് പരാതി

Published : Dec 30, 2023, 06:31 AM ISTUpdated : Dec 30, 2023, 06:43 AM IST
സ്വകാര്യ റബര്‍ ഫാക്ടറിയില്‍ നിന്ന് ദുര്‍ഗന്ധം: ശ്വാസംമുട്ടി മൂന്ന് പഞ്ചായത്തിലെ ജനം, ജില്ലാ കളക്ടര്‍ക്ക് പരാതി

Synopsis

ദുര്‍ഗന്ധം ഉയരുന്നുണ്ടെന്ന കാര്യം ഫാക്ടറി ഉടമയും സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഇതു മൂലം ആര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഉടമ പറയുന്നു

കോട്ടയം: മാങ്ങാനത്ത് സ്വകാര്യ റബര്‍ ഫാക്ടറിയില്‍ നിന്നുയരുന്ന ദുര്‍ഗന്ധം കാരണം ശ്വാസം മുട്ടുകയാണ് ഒരു കൂട്ടം നാട്ടുകാര്‍. മൂന്നു പഞ്ചായത്തുകളിലായി ഒമ്പതു വാര്‍ഡുകളിലെ ജനങ്ങളാണ് റബര്‍ ഫാക്ടറിയ്ക്കെതിരെ പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്. പ്രശ്ന പരിഹാരത്തിന് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് നാട്ടുകാര്‍. 

ശ്വസിക്കുന്ന വായുവാണ് പ്രശ്നം. വിജയപുരം പഞ്ചായത്തിന്‍റെ ഒമ്പതാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന റബര്‍ ഫാക്ടറിയാണ് ഒരു നാടിന്‍റെയാകെ ശ്വാസം മുട്ടിക്കുന്നത്. വിജയപുരം പഞ്ചായത്തിലെ മൂന്ന് പഞ്ചായത്തുകളിലും,തൊട്ടടുത്ത പുതുപ്പളളി ,പനച്ചിക്കാട് പഞ്ചായത്തുകളിലെ മറ്റ് ആറ് വാര്‍ഡുകളിലും ഫാക്ടറിയില്‍ നിന്നുയരുന്ന ദുര്‍ഗന്ധം മൂലം കിടന്നുറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ് നാട്ടുകാര്‍.

മുമ്പ് റബര്‍ ബോര്‍ഡ് നടത്തിയിരുന്ന ഫാക്ടറി മാടപ്പളളി റബ്ബേഴ്സ് എന്ന പേരില്‍ സ്വകാര്യ ഗ്രൂപ്പ് ഏറ്റെടുത്തതോടെ മലിനീകരണ നിയന്ത്രണ ചട്ടങ്ങളെല്ലാം ലംഘിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ദുര്‍ഗന്ധത്തിനു പുറമേ ശബ്ദമലിനീകരണവും, ഒപ്പം ഫാക്ടറി മാലിന്യങ്ങള്‍ ഒഴുകിയെത്തി വെളളവും കേടാകുന്നെന്ന് പരാതിയുണ്ട്.

ദുര്‍ഗന്ധം ഉയരുന്നുണ്ടെന്ന കാര്യം ഫാക്ടറി ഉടമയും സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഇതു മൂലം ആര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഉടമ പറയുന്നു. ശബ്ദ മലിനീകരണവും, ജല മലിനീകരണവും നടക്കുന്നെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും ഇക്കാര്യം മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധനയില്‍ പലകുറി വ്യക്തമായിട്ടുണ്ടെന്നും ഉടമ അവകാശപ്പെട്ടു. ഫാക്ടറി പൂട്ടാന്‍ രാഷ്ട്രീയ താല്‍പര്യങ്ങളോടെ നടക്കുന്ന നീക്കങ്ങളാണ് ഇപ്പോഴത്തെ പരാതികള്‍ക്കു പിന്നിലെന്നും ഉടമ പ്രതികരിച്ചു.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്

PREV
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ