Latest Videos

ബെരക്കുപ്പ പാലത്തിന് തറക്കല്ലിട്ടിട്ട് കാല്‍നൂറ്റാണ്ട്; പ്രദേശവാസികളുടെ ദുരിതയാത്രയ്ക്ക് അറുതിയില്ല

By Web TeamFirst Published May 6, 2019, 10:13 PM IST
Highlights

1994ല്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനും കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന വീരപ്പമൊയ്‌ലിയും ചേര്‍ന്ന് പെരിക്കല്ലൂര്‍ കടവിന് സമീപം ബൈരക്കുപ്പ പാലത്തിന് തറക്കല്ല് നാട്ടുമ്പോള്‍ ദുരിതയാത്ര അവസാനിക്കുമെന്ന പ്രതീക്ഷ നാട്ടുകാര്‍ക്കുണ്ടായിരുന്നു. 

കല്‍പ്പറ്റ: കൊടുംതണുപ്പുള്ള വെള്ളത്തില്‍ വീതിയില്ലാത്ത തോണിയില്‍ ബൈരക്കുപ്പ, പെരിക്കല്ലൂര്‍ നിവാസികളുടെ ദുരിതയാത്ര തുടരുകയാണ്. കബനി നദിക്ക് കുറുകെ പാലം വരുമെന്ന പ്രതീക്ഷ ഇപ്പോള്‍ അവര്‍ക്കില്ല. കാരണം തറക്കല്ലിട്ട് 25 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കെ തെരഞ്ഞെടുപ്പില്‍ വോട്ട് നേടാനുള്ള മാര്‍ഗം മാത്രമായി പെരിക്കല്ലൂര് ‍- ബൈരക്കുപ്പ പാലം പദ്ധതി മാറിക്കഴിഞ്ഞു. 1994ല്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനും കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന വീരപ്പമൊയ്‌ലിയും ചേര്‍ന്ന് പെരിക്കല്ലൂര്‍ കടവിന് സമീപം ബൈരക്കുപ്പ പാലത്തിന് തറക്കല്ല് നാട്ടുമ്പോള്‍ ദുരിതയാത്ര അവസാനിക്കുമെന്ന പ്രതീക്ഷ നാട്ടുകാര്‍ക്കുണ്ടായിരുന്നു. 

എന്നാല്‍ എല്ലാ പ്രതീക്ഷകളും തകിടംമറിയുന്നതാണ് പിന്നീട് കണ്ടത്. പദ്ധതിക്ക് വനംപരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി നിഷേധിക്കപ്പെട്ടു. പാലം നിര്‍മാണം അനിശ്ചിതത്വത്തിലായി. തുടര്‍ന്ന് ഇതുവരെയായിട്ടും പദ്ധതി തറക്കല്ലില്‍ മാത്രം ഒതുങ്ങുകയാണ്. 145 മീറ്ററോളം നീളത്തിലാണ് പാലം നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. സുല്‍ത്താന്‍ബത്തേരി, കര്‍ണാടകയിലെ എച്ച് ഡി കോട്ട താലൂക്കുകളെ ബന്ധിപ്പിക്കുന്ന പാലം യാഥാര്‍ഥ്യമായാല്‍ ഇരു സംസ്ഥാനങ്ങളിലെയും പ്രധാന നഗരങ്ങളിലേക്കുള്ള ദൂരം കുറയും. മാത്രമല്ല പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പ്രദേശങ്ങളിലെ റോഡുകളടക്കം വികസിക്കുകയും ചെയ്യുമായിരുന്നു. 

തറക്കല്ലിട്ടതിന് ശേഷം കര്‍ണാടകയിലെ ജനപ്രതിനിധികളടക്കമുള്ളവരുടെ യോഗം പെരിക്കല്ലൂര്‍ സ്‌കൂളില്‍ ചേര്‍ന്നിരുന്നു. യോഗത്തില്‍ സാങ്കേതിക അനുമതി പൂര്‍ത്തീകരിച്ചിട്ടുണ്ടോ എന്ന ചോദ്യം ഉയര്‍ന്നിരുന്നുവെങ്കിലും എച്ച് ഡി കോട്ട എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ തയ്യാറാക്കിയ എസ്റ്റിമേറ്റ് മാത്രമാണ് ഉള്ളതെന്നായിരുന്നു മറുപടി. പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കുമോ എന്ന കാര്യത്തില്‍ അന്ന് തന്നെ അധികൃതര്‍ക്ക് ഉറപ്പുണ്ടായിരുന്നില്ല. അതേ സമയം കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്‍റെ അനുമതി പദ്ധതിക്കുണ്ടായിരുന്നു. 

എട്ടരക്കോടി രൂപയും ഉപരിതല ഗതാഗതവകുപ്പ് പദ്ധതിക്കായി അനുവദിച്ചിരുന്നു. എന്നാല്‍ നിര്‍മാണ പ്രവൃത്തി നീണ്ടതോടെ  ഈ ഫണ്ട് പാഴായി. 2006ല്‍ എംഎല്‍എമാരായിരുന്ന എം വി ശ്രേയാംസ്‌കുമാര്‍, പി കൃഷ്ണപ്രസാദ്, മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന കെ എന്‍ സുബ്രമണ്യന്‍, എച്ച് ഡി കോട്ട എംഎല്‍എ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. കര്‍ണാടക മുഖ്യമന്ത്രിയേയും പിന്നീട് ഗവര്‍ണറേയും കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെങ്കിലും പ്രായോഗിക നടപടികളൊന്നുമുണ്ടായില്ല. പദ്ധതി പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ട് അന്ന് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തും എഴുതിയിരുന്നു.
 

click me!