ഷവായ് കഴിച്ച കുട്ടിക്ക് ഭക്ഷ്യവിഷബാധ; അഞ്ചലിലെ ബേക്കറി ഭക്ഷ്യസുരക്ഷ അധികൃതര്‍ പൂട്ടിച്ചു

By Web TeamFirst Published Sep 16, 2019, 2:43 PM IST
Highlights

അഞ്ചൽ ചന്തവിളയിലെ ഭാരത് ബേക്കറിയാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ താല്‍കാലികമായി അടപ്പിച്ചത്. ഇവിടെ നിന്ന് ഷവായ് കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതിനെത്തുടര്‍ന്നായിരുന്നു നടപടി.

അഞ്ചൽ: കൊല്ലം അഞ്ചലില്‍ പഴകിയ ഷവായ് വില്‍പന നടത്തിയ ബേക്കറി അടച്ചുപൂട്ടി. അഞ്ചൽ ചന്തവിളയിലെ ഭാരത് ബേക്കറിയാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ താല്‍കാലികമായി അടപ്പിച്ചത്. ഇവിടെ നിന്ന് ഷവായ് കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതിനെത്തുടര്‍ന്നായിരുന്നു നടപടി.

കഴിഞ്ഞ ദിവസം വൈകിട്ടാണ് ഏറം ലക്ഷം വീട് സ്വദേശി സജിൻ ചന്തമുക്കിലെ ഭാരത് ബേക്കറിയില്‍ നിന്ന് ഷവായ് വാങ്ങിയത്. ഇത് കഴിച്ച സജിന്‍റെ കുട്ടികള്‍ക്ക് ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. ചികിത്സ തേടിയപ്പോഴാണ് ഭക്ഷ്യവിഷബാധയാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് സജിൻ ഭക്ഷ്യസുരക്ഷ വകുപ്പിന് പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തില്‍ ബേക്കറിയില്‍ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥര്‍ ദിവസങ്ങൾ പഴക്കമുള്ള കോഴിയിറച്ചി, പുഴുങ്ങിയ മുട്ടകള്‍, പഴകിയ മസാലക്കൂട്ടുകള്‍ എന്നിവ കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് ബേക്കറി താല്‍കാലികമായി അടപ്പിച്ചത്. ഭക്ഷ്യസുരക്ഷ വകുപ്പ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാൻ സമയം നല്‍കിയിട്ടുണ്ട്. അതിനുശേഷം വീണ്ടും പരിശോധന നടത്തിയശേഷമാകും ബേക്കറി തുറന്ന് പ്രവര്‍ത്തിക്കാൻ അനുമതി നല്‍കുക.

click me!