മലയരയ സമുദായാംഗങ്ങളുടെ ജീവന് സംരക്ഷണം നല്‍കണമെന്ന് ബാണാസുര സാംസ്‌കാരിക കേന്ദ്രം

Published : Oct 25, 2018, 02:41 PM IST
മലയരയ സമുദായാംഗങ്ങളുടെ ജീവന് സംരക്ഷണം നല്‍കണമെന്ന് ബാണാസുര സാംസ്‌കാരിക കേന്ദ്രം

Synopsis

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയിലെത്തിയവരെ ആക്രമിക്കാന്‍ തയാറായ ഭീകരവാദികള്‍ എന്തിനും മടിക്കാത്തവരാണ്.

തൃശൂര്‍: ശബരിമലയിലെ അവകാശം സംബന്ധിച്ച് മലയരയ മഹാസഭ തെളിവുകള്‍ നിരത്തിയതോടെ ആദിമജനത ചിലരുടെ കണ്ണിലെ കരടായിട്ടുണ്ടെന്ന് ബാണാസുര സാംസ്‌കാരിക കേന്ദ്രം സംസ്ഥാന ഘടകം. ബ്രാഹ്മണാധിപത്യത്തിനെതിരെ ചരിത്ര വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ മലയരയ മഹാസഭയുടെ നേതാവ് ശബരിമലയിലെ തങ്ങളുടെ അവകാശമുന്നയിച്ചതാണ് പലരെയും ചൊടിപ്പിച്ചിട്ടുള്ളത്.

ശബരിമലയുടെ പാരമ്പര്യാവകാശികളായ മലയരയ സമുദായാംഗങ്ങളുടെ ജീവന് ഭീഷണിയുള്ളതായി സംശയമുയരുന്ന സാഹചര്യത്തില്‍ അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരും പൊലീസും തയ്യാറാകണമെന്നും ആവശ്യം. ബാണാസുര സാംസ്‌കാരിക കേന്ദ്രം സംസ്ഥാന സെക്രട്ടറി പ്രസന്നകുമാര്‍ എല്ലോറയാണ് തൃശൂരില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയിലെത്തിയവരെ ആക്രമിക്കാന്‍ തയാറായ ഭീകരവാദികള്‍ എന്തിനും മടിക്കാത്തവരാണ്. മാത്രമല്ല, വനമേഖലകളില്‍ കഴിയുന്ന അവരെ വീണ്ടും തുരത്താനുള്ള നീക്കവും ക്രിമിനലുകള്‍ നടത്തുമെന്നാണ് ആശങ്ക ഉയരുന്നത്.

മാത്രമല്ല, ആദിമനിവാസികളുടെ അവകാശം തെളിയിക്കാന്‍ സഹായകമാവുന്ന രേഖകളും ശിലാഫലകങ്ങളും മറ്റും നശിപ്പിക്കാനും സാധ്യതയുണ്ട്. ആയതിനാല്‍ അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടതും ചരിത്രരേഖകള്‍ സംരക്ഷിക്കേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.

ശബരിമലയിലെ ചരിത്രരേഖകള്‍ കണ്ടെത്തുന്നതിന് പുരാവസ്തു വകുപ്പിന്റെ ഇടപെടലും അന്വേഷണവും ഉണ്ടാകണമെന്നും പ്രസന്നകുമാര്‍ ആവശ്യപ്പെട്ടു. 1820 മുതല്‍ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളില്‍ ക്ഷേത്രസ്ഥാപകന്‍ അഥവാ ഭഗവാന്റെ പിതൃസ്ഥാനീയര്‍ എന്ന സ്ഥാനം പന്തളം കൊട്ടാരം നിലനിര്‍ത്തുന്നുവെന്ന് പന്തളം പ്രതിനിധികള്‍ തന്നെ വ്യക്തമാക്കിയിരിക്കേ അതിനു മുമ്പ്, ഏകദേശം 200 വര്‍ഷം മുമ്പ് ആരായിരുന്നു ആ സ്ഥാനത്ത് എന്ന ചോദ്യം പ്രസക്തമാവുകയാണ്.

ആദിമനിവാസികളായിരുന്നു അതെന്ന് കൊട്ടാരം പ്രതിനിധികള്‍ തന്നെ സമ്മതിച്ചിരിക്കുന്നതിന് തുല്യമാണിവരുടെ പ്രസ്താവന. അതിനേക്കാളുപരി ഒരു ജനാധിപത്യ സമൂഹത്തില്‍ ഭരണഘടനാനുസൃതമായി രൂപവത്ക്കരിച്ച ദേവസ്വം ബോര്‍ഡിന്റെ അധികാരത്തെ ചോദ്യം ചെയ്യുന്നതും അംഗീകരിക്കാനാവില്ല.

ഇക്കാര്യം മലയരയ മഹാസഭ വ്യക്തമാക്കിയിട്ടുമുണ്ട്. ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങളുടെ പാരമ്പര്യാവകാശം നേടിയെടുക്കുന്നതിനുള്ള സഭയുടെ നിയമപരവും അല്ലാത്തതുമായ ജനാധിപത്യപ്രക്രിയയെ ജനാധിപത്യസമൂഹം പിന്തുണയ്ക്കണമെന്നും സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സുപ്രീം കോടതി വിധിക്കെതിരേയുള്ള കലാപത്തിന് പ്രത്യക്ഷ പിന്തുണ നല്‍കുകയും പന്തളം കൊട്ടാരവുമായി ഗൂഢാലോചന നടത്തുകയും പ്രക്ഷോഭ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്ത എംഎല്‍എമാരടക്കമുള്ള ജനപ്രതിനിധികള്‍ ഭരണഘടനയുടെ അന്തസ്സുയര്‍ത്തിപ്പിടിക്കാതെ സത്യപ്രതിജ്ഞാലംഘനം നടത്തിയതിനാല്‍ അവര്‍ക്കെതിരേ നിയമനപടിയുണ്ടാകണം.

ഭരണഘടനയെ വെല്ലുവിളിക്കാനും കലാപമുണ്ടാക്കാനും ജനപ്രതിനിധികളുടെ നിലപാടുകളും സഹായിച്ചിട്ടുണ്ട്. ഈയാവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി, നിയമസഭാ സ്പീക്കര്‍, ഡിജിപി തുടങ്ങിയവര്‍ക്ക് പരാതി നല്‍കുമെന്നും പ്രസന്നകുമാര്‍ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗ്യാസ് ലീക്കായത് അറിഞ്ഞില്ല, ചായയിടാൻ സിമി സ്റ്റൗ കത്തിച്ചതും ഉഗ്ര സ്ഫോടനം; നെടുമങ്ങാട് ചായക്കട അപകടത്തിൽ 2 ജീവൻ നഷ്ടം
ഗുരുവായൂർ നഗരസഭയിൽ അള്ളാഹുവിന്റെ പേരില്‍ സത്യപ്രതിജ്ഞ, മുസ്ലിം ലീഗ് കൗണ്‍സിലര്‍മാർക്കെതിരെ പരാതി, അയോഗ്യരാക്കണമെന്ന് ആവശ്യം