
തിരുവനന്തപുരം: ആറ്റിങ്ങലിൽ ബിവറേജസ് കോർപ്പറേഷൻ്റെ വെയർഹൗസിനു സമീപം പാർക്ക് ചെയ്തിരുന്ന ലോറിയിൽ നിന്ന് ബിയർ ബോട്ടിലുകൾ മോഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ. തിരുവനന്തപുരം വട്ടിയൂർക്കാവ് മൂന്നാംമൂട് സ്വദേശി സുരേഷ് (40) ,തിരുന്നൽവേലി രാധാപുരം സ്വദേശി മണി (33) എന്നിവരാണ് ആറ്റിങ്ങൽ പോലീസിന്‍റെ പിടിയിലായത്.
കഴിഞ്ഞ ദിവസങ്ങളിൽ വെയർഹൗസിൽ പരിശോധന നടന്നിരുന്നതിനാൽ ലോഡ് ഇറക്കൽ നിർത്തിവെച്ചിരുന്നു. ഈ സമയത്താകാം മോഷണമെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ ദിവസം ലോറിയിൽ നിന്ന് ലോഡ് ഇറക്കുന്നതിനിടെ ചില കെയിസുകൾ തകർന്ന നിലയിൽ കണ്ടെത്തിയതാണ് മോഷണ വിവരം പുറത്തായത്. ടാർപോളിൻ ഉപയോഗിച്ച് പൊതിഞ്ഞ ലോറിയിൽ 1000 കെയിസ് ബിയർ ഉണ്ടായിരുന്നു.
ഷീറ്റ് കീറിയ ശേഷമാണ് രണ്ട് കെയിസ് പൂർണമായും . മറ്റൊന്നിൽ നിന്ന് ഒമ്പത് കുപ്പിയും നഷ്ടപ്പെട്ടു. ചാലക്കുടിയിൽ നിന്നുള്ള ബിയറാണിത്. സംഭവത്തിന് പിന്നാലെ അധികൃതർ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ സിസിടിവി പരിശോധനയിലാണ് പ്രതികളിലേയ്ക്ക് എത്തിയത്. സുരേഷ് മറ്റൊരു ലോറിയിലെ ഡ്രൈവറും , മണി സമീപത്തെ കടയിലെ ജീവനക്കാരനുമാണ്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.