
തിരുവനന്തപുരം: പേരൂർക്കട മണ്ണാമൂല റോഡിന് നടുവിലെ കുഴി മരണക്കെണിയാകുന്നു. ഈ കുഴിയിൽ വീണ് തിങ്കളാഴ്ച വൈകിട്ട് അമ്മയ്ക്കും നാലുവയസുകാരൻ മകനും പരിക്ക് പറ്റിയിരുന്നു. മുഖത്തിന് സാരമായി പരിക്കേറ്റ കുഞ്ഞിനെ പേരൂർക്കട സർക്കാർ ആശുപത്രിയിലും അവിടെ നിന്ന് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഈ കുഴിയിൽ വീണ് ബൈക്ക് യാത്രികരായ അഞ്ചുപേർക്കാണ് പരിക്കേറ്റതെന്ന് പ്രദേശവാസികൾ പറയുന്നു.
രാത്രിയായി കഴിഞ്ഞാൽ ഈ ഭാഗത്തെ വെളിച്ച കുറവ് കാരണം റോഡിന് നടുവിലായി രൂപപ്പെട്ട ഈ കഴി കാണുക ബുദ്ധിമുട്ടാണ്. ഇത് കാണാതെ വന്ന് കുഴിയിലേക്ക് ചാടുന്ന ഇരുച്ചക്ര വാഹനയാത്രികരാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്. അപകടങ്ങൾ പതിവായതോടെ പല തവണ സ്ഥലം വാർഡ് കൗൺസിലറായ അനിൽ കുമാറിനെ ബന്ധപ്പെട്ടെങ്കിലും റോഡ് വികസനം വന്നാൽ മാത്രമേ ഇത് ശരിയാക്കാൻ കഴിയുകയുള്ളൂ എന്ന മറുപടിയാണ് ലഭിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.
എംഎൽഎ വി കെ പ്രശാന്തിന് സമൂഹ്യമാധ്യമങ്ങൾ വഴി പല തവണ പരാതികൾ കൈമാറിയെങ്കിലും നടപടിയെടുക്കാം എന്ന് അറിയിച്ചത് അല്ലാതെ തുടർ നടപടികൾ ഉണ്ടായില്ലെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്. നാട്ടുകാരിൽ ചിലർ ഇടയ്ക്കിടെ മണ്ണിട്ട് ഈ കുഴി മൂടുമെങ്കിലും ദിവസങ്ങൾ കഴിയുമ്പോൾ മണ്ണിളകിമാറി വീണ്ടും വലിയ ഗർദ്ദം രൂപപ്പെടും. അപകടത്തിൽപെടുന്നവർ പിന്നാലെ വരുന്ന വാഹനങ്ങളുടെ ചക്രങ്ങൾക്ക് അടിയിൽപ്പെടാതെ ഭാഗ്യംകൊണ്ടാണ് പലപ്പോഴും രക്ഷപ്പെട്ടത്. അധികൃതരുടെ ഭാഗത്ത് നിന്ന് ഉടനടി നടപടിയുണ്ടാകണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam