ഒരു കുട്ടിയുടെ ചോദ്യത്തിൽ നിന്ന് തുടങ്ങി, കഷ്ടപ്പാടിനിടയിലും ഗാന്ധി പ്രതിമകൾ നിർമ്മിക്കുന്ന ബിജു

By Web TeamFirst Published Oct 2, 2021, 9:25 AM IST
Highlights

''ഗാന്ധി പ്രതിമ കണ്ട ആ കുട്ടി എന്നോട് ചോദിച്ചു, ഇത് മാൻഡ്രേക്കിന്റെ പ്രതിമയാണോ എന്ന്. ആദ്യം ഞാൻ കരുതി ഞാൻ ചെയ്തതിലുള്ള പ്രശ്നമാകുമെന്ന്...''

ആലപ്പുഴ: സിരകളിൽ ഗാന്ധിസം (Gandhism) നിറഞ്ഞൊരു ശില്പിയുണ്ട് ആലപ്പുഴയിൽ, മഹാത്മജി(Mahatma Gandhi) യോടുള്ള അടങ്ങാത്ത ആരാധനയിൽ രണ്ടായിരത്തിലധികം ഗാന്ധി പ്രതികമളുണ്ടാക്കി (Statue) ലോകത്തിന് സമ്മാനിച്ച മാവേലിക്കര സ്വദേശി ബിജു ജോസഫ്. പക്ഷെ, പ്രതിമകൾ അധികവും സൗജന്യമായി നിർമിച്ചു നൽകിയ ബിജു ഇപ്പോൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലുമാണ്. 

ഗാന്ധിയൻ ആശയങ്ങളുടെ പതാകവാഹകനാണ് ബിജു ജോസഫ്. ചെറുതും വലുതുമായ 2300 ലധികം ഗാന്ധി പ്രതികൾ ഇതിനോടകം ഇയാൾ നിർമിച്ച് നൽകി. ആലപ്പുഴ കളക്ട്രേറ്റ് അങ്കണം മുതൽ അങ്ങ് അമേരിക്ക വരെ ബിജുവിന്റെ പ്രതിമകളെത്തി. നാടൊട്ടാകെ ഗാന്ധി പ്രതിമകൾ സ്ഥാപിക്കാൻ ബിജു ഇറങ്ങിപുറപ്പെട്ടതിനു പിന്നിൽ നാട്ടിലെ ഒരു കൊച്ചുകുട്ടിയാണ്, അവന്‍റെ സംശയമാണ്!

ഗാന്ധി പ്രതിമ കണ്ട ആ കുട്ടി എന്നോട് ചോദിച്ചു, ഇത് മാൻഡ്രേക്കിന്റെ പ്രതിമയാണോ എന്ന്. ആദ്യം ഞാൻ കരുതി ഞാൻ ചെയ്തതിലുള്ള പ്രശ്നമാകുമെന്ന് - ബിജു പറഞ്ഞു. എന്നാൽ ആ കുട്ടിയുടെ അറിവില്ലായ്മയാണെന്ന് മനസ്സിലായതോടെ ആ കുട്ടിയുടെ സ്കൂളിലടക്കം എല്ലായിടത്തും താൻ ഗാന്ധി പ്രതിമകൾ പ്രചരിപ്പിക്കാൻ തുടങ്ങിയെന്നും ബിജു കൂട്ടിച്ചേർത്തു. 

ചെറിയ പ്രതിമകൾ മിക്കവയും സൗജന്യമായാണ് ആളുകൾക്ക് നൽകുക. വലുതിനാകട്ടെ നിർമാണ ചെലവ് മാത്രം വാങ്ങും. പക്ഷെ അങ്ങനെ ഗാന്ധി പ്രതിമകൾ നൽകി ബിജു ഇന്ന് കടക്കെണിയിലാണ്. ഈ ഗാന്ധി ജയന്തി ദിനത്തിലും ബിജുവിന്‍റെ കരവരുതിൽ തീർത്ത, മഹാത്മജിയുടെ 291 പ്രതികൾ അനാച്ഛാദനം ചെയ്യുന്നുണ്ട്.

click me!