പൊലീസിനെ കണ്ട് ബൈക്കില്‍ ചീറിപ്പാഞ്ഞു; നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച് യുവാക്കള്‍ക്ക് പരിക്ക്

By Web TeamFirst Published Jun 13, 2020, 4:36 PM IST
Highlights

വളവനാട് ബീവറേജസിന് സമീപം നാലുപേര്‍ ബൈക്കില്‍ ഇരിക്കുമ്പോഴാണ് പൊലീസ് ജീപ്പ് വന്നത്. പൊലീസിനെ കണ്ട്  സംഘം ബൈക്ക് സ്റ്റാര്‍ട്ടാക്കി അമിതവേഗതയില്‍ ഓടിച്ച് പോയി. 

ആലപ്പുഴ: പൊലീസിനെ കണ്ട് പരിഭ്രാന്തരായി അമിതവേഗതയില്‍ ഓടിച്ച ബൈക്ക് മതിലിലിടിച്ച്  യുവാക്കള്‍ക്ക് ഗുരുതരപരിക്ക്. കലവൂര്‍ സ്വദേശികളായ പന്നിശ്ശേരിവെളി പുഷ്‌കരന്റെ മകന്‍ ജിന്‍സിമോന്‍ (21), തകിടിവെളി അശോകന്റെ മകന്‍ അജയ് (20), നമ്പുകുളങ്ങര പ്രകാശന്റെ മകന്‍ രാഹുല്‍ (21), മണ്ണഞ്ചേരി വെളിയില്‍ നാസറിന്റെ മകന്‍ നാദിര്‍ഷ (20) എന്നിവര്‍ക്കാണ് പരുക്കേറ്റത്. 

ജിന്‍സിമോന്റെയും നാദിര്‍ഷയുടെയും നില ഗുരുതരമാണ്. വളവനാട് സ്വയംപ്രഭാ ജങ്ഷനില്‍ വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ ആയിരുന്നു അപകടം. നാല് പേരെയും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് പിന്‍തുടര്‍ന്നപ്പോള്‍ യുവാക്കള്‍ അമിതവേഗതയില്‍ പായുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ബൈക്കിന് മുന്‍പില്‍ പോയ വാന്‍ വലത്തേക്ക് തിരിയുന്നതിനിടെ മറികടക്കാന്‍ ശ്രമിച്ചപ്പോളാണ് വാനിലിടിച്ച് ബൈക്ക് നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറിയത്. 

പൊലീസ് സംഘം യുവാക്കളെ അപകടസ്ഥലത്തുനിന്ന് മാറ്റി അതുവഴിവന്ന ഓട്ടോറിക്ഷകളിലും കാറിലുമായി ആശുപത്രിയിലെത്തിച്ചു. വളവനാട് ബീവറേജസിന് സമീപം നാലുപേര്‍ ബൈക്കില്‍ ഇരിക്കുമ്പോഴാണ് പൊലീസ് ജീപ്പ് വന്നത്. പൊലീസിനെ കണ്ട്  സംഘം ബൈക്ക് സ്റ്റാര്‍ട്ടാക്കി അമിതവേഗതയില്‍ ഓടിച്ച് പോയി. ഇതുകണ്ട് പൊലീസ് ഇവരെ പിന്‍തുടരുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അതേസമയം വീടുകളിലെ ക്വാറന്റീനില്‍ കഴിയുന്ന കൊവിഡ് ബാധിതരെ നിരീക്ഷിക്കാനാണ് പൊലീസ് അതുവഴിവന്നതെന്ന് മണ്ണഞ്ചേരി സി.ഐ. രവി സന്തോഷ് പറഞ്ഞു.

click me!