
കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്തെ മൂന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് നാളെ അവധി പ്രഖ്യാപിച്ചത്. ദയാപുരം റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, ആര്‍ ഇ സി ഗവണ്‍മെന്‍റ് വി എച്ച് എസ് എസ്, ആര്‍ ഇ സി ഗവണ്‍മെന്‍റ് എച്ച് എസ് എസ് എന്നീ സ്‌കൂളുകള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്‍റെ കീഴിലുള്ള ചാത്തമംഗലത്തെ റീജിയണല്‍ പൗള്‍ട്രി ഫാമിലെ കോഴികള്‍ക്കാണ് തീവ്ര വ്യാപന ശേഷിയുള്ള എച്ച് ഫൈവ് എന്‍ വണ്‍ സ്ഥീരകരിച്ചത്. അയ്യായിരം കോഴികളില്‍ ആയിരത്തി എണ്ണൂറ് കോഴികള്‍ ഇതിനകം ചത്തു. പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ ചാത്തമംഗലം പൗൾട്രി ഫാം അടച്ചു. പ്രതിരോധ നടപടിയുടെ ഭാഗമായി മൃഗ സംരക്ഷണ വകുപ്പ് ഇവിടെ കള്ളിയിങ് തുടങ്ങും. നാളെ മുതല്‍ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള പക്ഷികളെയാകും കൊന്നൊടുക്കുക. പത്തു കിലോമീറ്ററ്‍ പരിധിയിലുള്ള പക്ഷികളെ മറ്റിടത്തേക്ക് കൊണ്ടു പോകുന്നതിന് ജില്ലാ ഭരണ കൂടം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫാമിലെ അവശേഷിക്കുന്ന കോഴികളെ കൊല്ലുന്നതിനൊപ്പം സമീപ പ്രദേശങ്ങളിലെ പക്ഷികളില്‍ രോഗമുണ്ടോയെന്ന കാര്യം പരിശോധിക്കും. രോഗം സ്ഥിരീകരിച്ചാല്‍ മറ്റിടങ്ങളിലേക്കും പ്രതിരോധ പ്രവര്‍ത്തനം വ്യാപിപ്പിക്കും.
അതിനിടെ ആലപ്പുഴയിൽ നിന്ന് പുറത്തുവരുന്ന വാർത്ത ആലപ്പുഴയിൽ അടിക്കടി ഉണ്ടാകുന്ന പക്ഷിപ്പനി നേരിടാൻ ജില്ലാ ഭരണകൂടം ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കേരള പൗൾട്രി ഫെഡറേഷൻ ആവശ്യപ്പെട്ടു എന്നതാണ്. ദേശീയ ദുരന്തമായ പക്ഷിപ്പനി അടിക്കടി ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നത് പൗൾട്രി മേഖലയെ പ്രതികൂലമായി ബാധിക്കുകയാണെന്ന് കേരള പൗൾട്രി ഫെഡറേഷൻ ചൂണ്ടികാട്ടി. പക്ഷിപ്പനി സ്ഥിരീകരണത്തിന് സാമ്പിൾ അയച്ച ശേഷം ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ് ആലപ്പുഴയിലെന്നും വയറോളജിക്കൽ ലാബ് സ്ഥാപിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം എന്നും അസോസിയേഷൻ പ്രസിഡന്‍റ് താജുദ്ദീൻ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam