കുടിവെള്ളത്തിനായി പ്രോട്ടോക്കോള്‍ പാലിച്ച് ജനപ്രതിനിധിയുടെ ഒറ്റയാള്‍ സമരം

By Web TeamFirst Published May 10, 2021, 10:04 PM IST
Highlights

തെക്കേ തലവടി ഭാഗത്തെ ശുദ്ധജലക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച പ്രതിഷേധ സമരം. തലവടി പഞ്ചായത്തിലെ അഞ്ചോളം വാര്‍ഡുകളില്‍ കടുത്ത വെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. 

എടത്വാ: കുടിവെള്ളത്തിനായി എടത്വാ ജലഅതോറിറ്റിയില്‍ ജനപ്രതിനിധിയുടെ ഒറ്റയാള്‍ സമരം. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്താണ് എടത്വാ ജലഅതോറിറ്റി ഓഫീസിന് മുന്‍പില്‍ ഒറ്റയാള്‍ സമരം നടത്തിയത്. തെക്കേ തലവടി ഭാഗത്തെ ശുദ്ധജലക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച പ്രതിഷേധ സമരം. തലവടി പഞ്ചായത്തിലെ അഞ്ചോളം വാര്‍ഡുകളില്‍ കടുത്ത വെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്.

തലവടി ഹൈസ്‌കൂളിന് സമീപത്തെ പമ്പയാറ്റില്‍ പൈപ്പ് ലൈന്‍ പൊട്ടിയതാണ് കുടിവെള്ള വിതരണം മുടങ്ങുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപണി പൂര്‍ത്തിയിട്ടും പ്രദേശത്തെ ശുദ്ധജലം എത്തിയില്ല. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ പൊതുജനങ്ങളുടെ സാന്നിദ്ധ്യമില്ലാതെ ജനപ്രതിനിധി ഒറ്റയാള്‍ സമരത്തിന് ഒരുങ്ങുകയായിരുന്നു. തിരുവല്ല കറ്റോട്ട് നിന്നുള്ള ജലലഭ്യത കുറവാണ് ശുദ്ധജല വിതരണത്തിന് തടസ്സം നേരിടുന്നതെന്ന് എടത്വാ ജലഅതോറിറ്റി അസ്സി. എക്‌സിക്യുട്ടിവ് എന്‍ജിനിയര്‍ ജനപ്രതിനിധിയെ അറിയിച്ചു.

ശുദ്ധജല വിതരണത്തിന് ഉറപ്പ് നല്‍കാത്തതിനെ തുടര്‍ന്ന് അജിത്ത് കുമാര്‍ കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസുമായി ബന്ധപ്പെട്ടു. എംഎല്‍എ തിരുവല്ല എക്‌സിക്യുട്ടീവ് എന്‍ജിനിയറുമായി ബന്ധപ്പെട്ടു. തെക്കേ തലവടിയില്‍ ശുദ്ധജലം എത്തിക്കാനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്ന് എന്‍ജിനിയര്‍ ഉറപ്പ് നല്‍കിയതായി എംഎല്‍എ അറിയിച്ചു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!