അലക്ഷ്യമായിട്ട വാഹനങ്ങള്‍ തീര്‍ത്ത ഗതാഗതക്കുരുക്കില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് ദാരുണാന്ത്യം

By Web TeamFirst Published Dec 30, 2018, 10:55 AM IST
Highlights

ആശുപത്രിയിലേക്ക് പോകുന്നതിനിടെ രാജമലയ്ക്കടുത്ത്  വച്ച് സുന്ദരത്തിന് നെഞ്ചുവേദന ഉണ്ടാവുകയായിരുന്നു. വഴിയരികില്‍ അലക്ഷ്യമായി ഇട്ടിരുന്ന വാഹനങ്ങള്‍ തീര്‍ത്ത ഗതാഗതക്കുരുക്ക് സുന്ദരത്തിന് കൃത്യസമയത്ത് ചികില്‍സ ലഭിക്കുന്നതിന് വിലങ്ങുതടിയാവുകയായിരുന്നു. 

ഇടുക്കി: പരിശോധനയ്ക്ക് പോകുന്നതിനിടെ ഗതാഗതക്കുരുക്കില്‍പ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുന്ദരം (52)ണ് മരിച്ചത്. ഒരുവര്‍ഷമായി കിഡ്‌നി സംബന്ധമായ തകരാറുകളെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു . ഇന്നലെ പരിശോധനയ്ക്കായി കോട്ടയെ മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രയ്ക്കിടെയാണ് മരണം സംഭവിച്ചത്. 

ഭാര്യയും മകനുമൊന്നിച്ച് ആശുപത്രിയിലേക്ക് പോകുന്നതിനിടെ രാജമലയ്ക്കടുത്ത് വച്ച് നെഞ്ചുവേദന ഉണ്ടാവുകയായിരുന്നു. വഴിയരികില്‍ അലക്ഷ്യമായി ഇട്ടിരുന്ന വാഹനങ്ങള്‍ തീര്‍ത്ത ഗതാഗതക്കുരുക്ക് സുന്ദരത്തിന് കൃത്യസമയത്ത് ചികില്‍സ ലഭിക്കുന്നതിന് വിലങ്ങുതടിയാവുകയായിരുന്നു. മകനും ഡ്രൈവറും വാഹനങ്ങള്‍ മാറ്റുന്നതിന് ശ്രമിച്ചെങ്കിലും നടന്നില്ല. ഒരുമണിക്കൂറോളം ഗതാഗത കുരുക്കില്‍ അകപ്പെട്ട സുന്ദരം മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

അവധിക്കാലം ആസ്വദിക്കുന്നതിന് രാജമലയില്‍ എത്തുന്ന സന്ദര്‍ശകരുടെ വാഹനം പാതയോരങ്ങളില്‍ അലക്ഷ്യമായി നിര്‍ത്തിയിടുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. പാര്‍ക്കില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതിന് സൗകര്യമുണ്ടെങ്കിലും പോലീസിന്റെ സേവനം രാജമലയില്‍ ലഭിക്കുന്നില്ല. ഇതാണ് വാഹനങ്ങള്‍ പാതയോരങ്ങളില്‍ അലഷ്യമായി നിര്‍ത്തിയിടാന്‍ കാരണമാകുന്നതെന്നും പരാതിയുണ്ട്. സംഭവത്തില്‍ പോലീസിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.കെ മണി രംഗത്തെത്തി.  ഉഷയാണ് സുന്ദരത്തിന്റെ ഭാര്യ. അരുണ്‍ പ്രസാദ്, ശിവ പ്രസാദ് എന്നിവരാണ് മക്കള്‍.

click me!