
തൃശൂർ: തൃശ്ശൂരിലെ കോൾചാലുകളിൽ കുള വാഴകൾ നീക്കം ചെയ്യാത്തതിൽ പ്രതിഷേധം കടുപ്പിച്ച് കർഷകർ. ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ കർഷകർ ഉപരോധിച്ചു. കുളവാഴകൾ മൂലമുള്ള നീരൊഴുക്ക് പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് കർഷകർ ശാന്തരായത്. ജില്ലയിലെ വടക്കൻ മേഖലയിലുള്ള കർഷകരാണ് കുളവാഴകൾ മൂലം പ്രതിസന്ധി നേരിടുന്നത്.
പുല്ലഴി കോട്ടച്ചാൽ ഏനാമാവ് പെരുമ്പുഴ, ചേറ്റുപുഴ എന്നീ പ്രദേശങ്ങളിലെ കോൾചാലുകളിൽ ആണ് ഒഴുക്ക് തടസ്സപ്പെട്ടിട്ടുള്ളത്. ഇതുമൂലം പല സ്ഥലങ്ങളിലും വെള്ളം കയറി കൃഷി നശിച്ചു.
ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രശ്നപരിഹാരമില്ലാത്തതിനാലാണ് കർഷകർ എക്സിക്യൂട്ടീവ് എൻജിനീയറേ ഉപരോധിച്ചത്. സ്ഥലത്ത് എത്തിയ തൃശൂർ എംഎൽഎ പി ബാലചന്ദ്രൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനോട് വിഷയം ഫോണിൽ ചർച്ച ചെയ്തു. ഒരാഴ്ചയ്ക്കകം കുളവാഴകൾ പൂർണമായി നീക്കം ചെയ്യാം എന്നാണ് കിട്ടിയ ഉറപ്പ്. കോൾ പാടങ്ങളിൽ ആദ്യ വിള ഇറക്കാൻ തന്നെ രണ്ടുമാസത്തിലധികം വൈകിയെന്ന് കർഷകർ പറഞ്ഞു. ഇനിയും വിത്തിറക്കാൻ ആയില്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ടി വരും. മുൻപ് നൽകിയ ഉറപ്പു പോലെ ഇത്തവണത്തെതും പാഴ്വാക്കായാൽ കടുത്ത സമര പരിപാടികളിലേക്ക് നീങ്ങുമെന്നാണ് കർഷകരുടെ മുന്നറിയിപ്പ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam