
അമ്പലപ്പുഴ: സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് കാക്കരിയിൽ ആന്റണി (കുഞ്ഞുമോൻ) - ലിസി ദമ്പതികളുടെ മകൻ അലന്റെ (17) മൃതദേഹമാണ് മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്. പുന്നപ്ര ചള്ളിത്തീരത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന പൊന്തുവള്ളളത്തിലെ വലയിൽ ഇന്ന് പുലർച്ചെ മൃതദേഹം കുടുങ്ങുകയായിരുന്നു.
പുന്നപ്ര പൊലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ അലനും നാല് സുഹൃത്തുക്കളും ചേർന്ന് വാടക്കൽ അറപ്പക്കൽപൊഴിക്ക് സമീപം കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ശക്തമായ ഒഴുക്കിലും തിരമാലയിലും പെട്ട് അലനെ കാണാതാകുകയായിരുന്നു.
തോട്ടപ്പള്ളിയിൽ നിന്നെത്തിച്ച തീരദേശ പൊലീസിന്റെ ബോട്ടും നാട്ടുകാരായ മത്സ്യ തൊഴിലാളികളും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച വൈകിട്ടോടെ കോസ്റ്റ്ഗാർഡിന്റെ നേതൃത്വത്തിലും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ മുതൽ തെരച്ചിൽ തുടരുന്നതിനിടയിലാണ് അപകട സ്ഥലത്തുനിന്നും നാല് കിലോമീറ്ററോളം തെക്ക് മാറി ചള്ളിത്തീരത്ത് മൃതദേഹം കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam