
തൃശ്ശൂർ: കൈക്കൂലി കേസിൽ വീണ്ടും സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിലായി. തൃശ്ശൂർ ആറങ്ങോട്ടുകര വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് ടി അയ്യപ്പനാണ് പിടിയിലായത്. 5000 രൂപയാണ് ഇയാൾ സർക്കാർ സേവനം തേടിയെത്തിയ ഉപഭോക്താവിൽ നിന്ന് കൈക്കൂലി ചോദിച്ച് വാങ്ങിയത്. ആർ ഒ ആർ സർട്ടിഫിക്കറ്റ് വാങ്ങാൻ വന്ന ആളിൽ നിന്നാണ് ടി അയ്യപ്പൻ കൈക്കൂലി വാങ്ങിയത്. ഒരു വർഷത്തോളമായി പരാതിക്കാരൻ ഈ സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസിൽ കയറിയിറങ്ങുകയായിരുന്നു.
പട്ടാമ്പി പൂവത്തിങ്ങൾ അബ്ദുള്ളകുട്ടിയാണ് കേസിലെ പരാതിക്കാരൻ. തൃശ്ശൂർ വിജിലൻസ് ഓഫീസിൽ അബ്ദുള്ളക്കുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അയ്യപ്പനെ അറസ്റ്റ് ചെയ്തത്. അബ്ദുള്ളക്കുട്ടിയുടെ പേരിലുള്ള സ്ഥലത്തിന്റെ ആർ ഒ ആർ സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായി ആറങ്ങോട്ടുകര വില്ലേജിൽ അപേക്ഷ സമർപ്പിച്ചിരുന്നു. സ്ഥലം നോക്കുന്നതിനായി ചെന്ന വില്ലേജ് അസിസ്റ്റന്റ് ടി അയ്യപ്പൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് 5000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. ഈ വിവരം അബ്ദുള്ളകുട്ടി വിജിലൻസിനെ അറിയിക്കുകയായിരുന്നു. വിജിലൻസ് ഫിനോൾഫ് തലിൻ പുരട്ടി നൽകിയ നോട്ടാണ് അബ്ദുള്ളക്കുട്ടി അയ്യപ്പന് നൽകിയത്. അയ്യപ്പൻ പണം വാങ്ങിയ സമയത്ത് വിജിലൻസ് സംഘം ഇയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു. പിന്നാലെ പൊട്ടിക്കരഞ്ഞ ടി അയ്യപ്പനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam