ശക്തമായ കാറ്റിലും മഴയിലും കുടുംബക്ഷേമ ഉപകേന്ദ്രം തകർന്ന് വീണു

By Web TeamFirst Published Jun 15, 2019, 8:20 PM IST
Highlights

മുപ്പത്തഞ്ച് വർഷത്തിനു മുമ്പ് സ്ഥാപിച്ച ഈ ഉപകേന്ദ്രത്തിൽ നാളിതുവരെ യാതൊരു വിധമായ പുനർനിർമ്മാണങ്ങളും നടത്തിയിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഈ കെട്ടിടത്തിന്റെ പല ഭാഗങ്ങളും കാലപ്പഴക്കത്താൽ ജീർണ്ണിച്ച നിലയിലാണ്.

ചാരുംമൂട്: കഴിഞ്ഞ ദിവസമുണ്ടായ അതിശക്തമായ കാറ്റിലും, മഴയിലും പാലമേൽ ഗ്രാമപഞ്ചായത്തിലെ മറ്റപ്പള്ളി വാർഡിൽ പ്രവർത്തിക്കുന്ന കുടുംബക്ഷേമ ഉപകേന്ദ്രം തകർന്നു വീണു. മേൽക്കൂര പൂർണ്ണമായും ഇളകിമാറി സമീപത്തെ വീടിന്റെ ശുചി മുറിയുടെ മുകളിൽ തങ്ങിനിൽക്കുന്ന അവസ്ഥയിലാണ്. ആശാ വർക്കർമാരടക്കം പത്തോളം ജീവനക്കാർ 4 മണിയോടുകൂടി കെട്ടിടത്തിനുള്ളിൽ നിന്നും പുറത്ത് പോയ സമയത്താണ് സംഭവം നടന്നത്. ശക്തമായ കാറ്റിൽ  മേൽക്കൂരയടക്കം കെട്ടിടത്തിന്റെ ഒരു ഭാഗം വലിയ ശബ്ദത്തോടെ തകർന്ന് വീഴുകയായിരുന്നു.

മുപ്പത്തഞ്ച് വർഷത്തിനു മുമ്പ് സ്ഥാപിച്ച ഈ ഉപകേന്ദ്രത്തിൽ നാളിതുവരെ യാതൊരു വിധമായ പുനർനിർമ്മാണങ്ങളും നടത്തിയിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഈ കെട്ടിടത്തിന്റെ പല ഭാഗങ്ങളും കാലപ്പഴക്കത്താൽ ജീർണ്ണിച്ച നിലയിലാണ്. ജനാലകളും, വാതിലുകളും ദ്രവിച്ച്, ഭിത്തികൾ ചോർന്നൊലിക്കുന്ന അവസ്ഥയാണ്. കെട്ടിടത്തിന്റെ ഭിത്തികളും മേൽക്കൂരയും ഏതു സമയത്തും നിലംപതിക്കാൻ സാദ്ധ്യതയേറെയാണ്. പാലമേൽ ഗ്രാമപഞ്ചായത്തിലെ മറ്റപ്പള്ളി, മാമ്മൂട്, എരുമക്കുഴി എന്നീ വാർഡുകളിലെയും പുലികുന്ന്, കഞ്ചികോട്, കുടശ്ശനാട് ഭാഗത്തു നിന്നും എത്തുന്ന രോഗികളുടെയും പ്രധാന ആശ്രയ കേന്ദ്രമാണ് ഈ ആരോഗ്യ കേന്ദ്രം. 

മറ്റപ്പള്ളി കോടംപ്പറമ്പ് ജംങ്ഷന് കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന കുടുംബക്ഷേമ ഉപകേന്ദ്രത്തിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ ഈ അടുത്ത കാലത്തായി വൻ വർദ്ധനവാണ് ഉണ്ടായത്. സ്ത്രീകളുടെ ഗർഭകാല ശുശ്രൂഷ കേന്ദ്രം, പോഷക ആഹാര ക്ലീനിക്ക്, വയോജന ക്ലീനിക്ക്, പ്രതിരോധ കുത്തിവെപ്പ് കേന്ദ്രം, എന്നീ നിലയിലുള്ള സേവനമാണ് ഇവിടെയുള്ളത്. ആഴ്ചയിൽ സ്ത്രീകളും കുട്ടികളുമടക്കം 250ന് മേൽ രോഗികൾ ഇവിടെ എത്തുന്നതായിട്ടാണ് രേഖകൾ സൂചിപ്പിക്കുന്നത്. അറ്റകുറ്റപ്പണികൾ നടത്തുന്നതിന് രണ്ട് വർഷം മുമ്പ് 6 ലക്ഷം രൂപയോളം ഗ്രാമപഞ്ചായത്ത് നീക്കിവെച്ചിരുന്നുവെങ്കിലും തുക പര്യാപ്തമല്ലാത്തതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നില്ല. നിലവിലെ കാലപ്പഴക്കം ചെന്ന കെട്ടിടം പൂർണ്ണമായും നീക്കം ചെയ്ത് കൂടുതൽ സ്ഥല സൗകര്യവും ജനസുരക്ഷയുള്ളതുമായ കെട്ടിടം നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.  

click me!