
ഹരിപ്പാട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ദേശീയപാതയിൽ കരുവാറ്റ ടി ബി ജംഗ്ഷൻ സമീപം ഞായറാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം. കിഡ്നി മാറ്റി വെക്കൽ ശസ്ത്രക്രിയ തുടർന്നുള്ള ചികിത്സയ്ക്കായി തിരുവനന്തപുരത്തു നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് യാത്രക്കാരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ടി ബി ജംഗ്ഷനിൽ എത്തിയപ്പോൾ കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഡ്രൈവർ ഷരീഫ് വാഹനം ഒതുക്കി നിർത്തുകയും യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു.
തുടർന്ന് തീ ആളിപ്പടരുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമനസേനാ വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. അതേസമയം, കഴിഞ്ഞ ദിവസം കോഴിക്കോട് വടകര ആയഞ്ചേരിയിലും ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അപകടത്തില്‍ ആർക്കും പരിക്കില്ല. കാറിൽ നിന്ന് പുക ഉയരുന്നതോടെ കാർ ഓടിച്ചയാൾ ഇറങ്ങിയോടുകയായിരുന്നു. തലനാരിഴയ്ക്കാണ് കാറിലുണ്ടായിരുന്ന കുടുംബം രക്ഷപ്പെട്ടത്. ആയഞ്ചേരി ടൗണിൽ രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്.
വടകരയിൽ നിന്ന് ഫയർഫോഴ്സെത്തി തീയണച്ചെങ്കിലും കാർ കത്തി നശിച്ചിരുന്നു. KL.14. D 4833 റിനോൾഡ് ക്വിഡ് കാറിനാണ് തീ പിടിച്ചത്. മേമുണ്ടയിൽ നിന്നും കടമേരിയിലേക്ക് വിവാഹത്തിൽ പങ്കെടുക്കാൻ പോയ കുടുംബം സഞ്ചരിച്ച കാറിനാണ് തീ പിടിച്ചത്. അസ്വാഭാവികത തോന്നിയപ്പോൾ കാർ നിർത്തുകയും പുക ഉയർന്നതിന് പിന്നാലെ തീപിടരുകയുമായിരുന്നു. മേമുണ്ട സ്വദേശി രാജേന്ദ്രനും കുടുംബവുമാണ് കാറിൽ ഉണ്ടായിരുന്നത്. മകൻ അശ്വിൻ രാജാണ് കാർ ഓടിച്ചിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam