പൊങ്കാല നേർച്ച അർപ്പിക്കാനെത്തിയ ഭക്തരുടെ ഇടയിലേക്ക് കാർ ഇടിച്ചു കയറി; സ്ത്രീകൾക്ക് പരിക്ക്

By Web TeamFirst Published Dec 10, 2019, 11:35 PM IST
Highlights

തലയ്ക്കും കാലിനും സാരമായി പരിക്കേറ്റ ഇവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു...

ചെങ്ങന്നൂർ: മഴുക്കീർ പ്രാവിൻ കൂടിനുസമീപം എം സി റോഡിൽ പൊങ്കാല നേർച്ച അർപ്പിക്കാനെത്തിയ ഭക്തരുടെ ഇടയിലേക്ക് കാർ ഇടിച്ചു കയറി എട്ട് സ്ത്രീകൾക്ക് പരിക്ക്. പുലിയൂർ ശരത് ഭവനത്തിൽ ഗീത (46), പുലിയൂർ പാലച്ചുവട് തട്ടക്കാട്ട് വടക്കേതിൽ പ്രസന്നകുമാരി (57), സഹോദരി സുജാത (32), മഴുക്കീർ പടിഞ്ഞാറെ കൈലാത്ത് രഞ്ജന (20), കല്ലിശ്ശേരി പുത്തൻപുരയിൽ പ്രവീണ. ആർ. നായർ (23), മഴുക്കീർ പടിഞ്ഞാറേ കൈലാത്ത് വിദ്യ (28), മഴുക്കീർ സിന്ധുഭവനത്തിൽ നീതു (19), മഴുക്കീർ പുത്തൻപുരയിൽ വീണ. ആർ. നായർ (23) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഗീതയുടെ നില ഗുരുതരമാണ്. തലയ്ക്കും കാലിനും സാരമായി പരിക്കേറ്റ ഇവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 

ഇന്ന് രാവിലെ ഒൻപതോടെയാണ് പൊങ്കാലയ്ക്കായി തയ്യാറാക്കിയ അടുപ്പുകൾ തകർത്ത് ഭക്തരുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറിയത്. അതിരാവിലെ തന്നെ പൊങ്കാല അർപ്പിക്കാൻ ഭക്തർ തണൽ നോക്കി ഇടം പിടിച്ചിരുന്നു. തിരുവല്ലായിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോയ വാഹനം റോഡിന്റെ എതിർ ദിശയിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. റോഡരികിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ച പോസ്റ്റും ദിശ സൂചികാ ബോർഡും തകർന്നിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.

പരിക്കേറ്റവരെ തിരുവല്ലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഓടിച്ചിരുന്ന തിരുവനന്തപുരം മലയിൻകീഴ് കാട്ടാക്കട സുധി വിഹാറിൽ സുധി മോഹനെയും (30) ഒപ്പമുണ്ടായിരുന്ന സൂര്യനാരായണൻ, മനു എന്നീ സുഹൃത്തുക്കളേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കോട്ടയത്ത് ആർമി റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുത്ത ശേഷം തിരികെ വരികയായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു.

click me!