
കണ്ണൂര്‍: ആലക്കോട് നെല്ലിക്കുന്നിൽ കാര്‍ കിണറ്റില്‍ വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിന്‍സ് (18) ചികിത്സയിലിരിക്കെകയാണ് മരിച്ചത്. വിന്‍സിന്‍റെ പിതാവ് മാത്തുക്കുട്ടി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. വിന്‍സ് ഡ്രൈവിംഗ് പഠിക്കാനായി വീട്ടിൽ നിന്നും കാർ പുറത്തിറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടമായി ആൾമറ തകർത്താണ് കാർ കിണറിലേക്ക് വീണത്. തളിപ്പറമ്പില്‍ നിന്ന് ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. മാനന്തവാടി രൂപത മെത്രാൻ ബിഷപ്പ് അലക്സ് താരാമംഗത്തിൻ്റെ സഹോദരനാണ് മാത്തുക്കുട്ടി.
അതേസമയം കോട്ടയം പൊൻകുന്നത്ത് ടയർ മാറുന്നതിനിടെ ജാക്കി തെന്നിമാറിയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പൊൻകുന്നം ശാന്തിഗ്രാം സ്വദേശി അഫ്സൽ ആണ് മരിച്ചത്. 24 വയസ്സായിരുന്നു. രാവിലെ എട്ടരയോടെ കൊല്ലം തേനി ദേശീയപാതയിൽ പൊൻകുന്നം ശാന്തിപ്പടിയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്. പച്ചക്കറി കയറ്റിവന്ന വാഹനത്തിൻ്റെ ടയർ മാറുന്നതിനിടെ ജാക്കി തെന്നി മാറുകയും വാഹനം യുവാവിൻ്റെ ദേഹത്തേയ്ക്ക് വന്നിടിക്കുകയുമായിരുന്നു. അഫ്‍സലിന്‍റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അപകട സമയത്ത് പിക്ക് വാനിൽ നിറയെ പച്ചക്കറി ലോഡുണ്ടായിരുന്നു.
പാലക്കാടും വാഹനാപകടം ഉണ്ടായി. പാലക്കാട് തിരുമ്മിറ്റക്കോട് നിയന്ത്രണം വിട്ട കാർ ബൈക്ക് ഷോറൂമിലേക്ക് ഇടിച്ചു കയറി. ഇരുമ്പകശ്ശേരിയിലെ ഷോറുമിലേക്ക് പാഞ്ഞുകയറിയ കാർ പത്തോളം ബൈക്കുകൾ തകർത്തു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. ആളപായമില്ല. ഷൊർണൂർ ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ മാരുതി സ്വിഫ്റ്റ് കാറാണ് നിയന്ത്രണം നഷ്ടമായി സിറ്റി ഓട്ടോ ക്രാഫ്റ്റ് ബൈക്ക് ഷോറൂമിലേക്ക് ഇടിച്ചു കയറിയത്. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam