യുവ കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ അന്തരിച്ചു

By Web TeamFirst Published Jun 2, 2021, 1:50 PM IST
Highlights

ആളുകളുടെ കാരിക്കേച്ചറുകള്‍ ഒരു മിനിറ്റുകൊണ്ട് വരക്കുന്ന വൺ മിനിറ്റ് കാരിക്കേച്ചറിലൂടെ 'കാർട്ടൂൺ മാൻ ' എന്ന് പ്രശസ്തനായ വ്യക്തിയാണ് ബാദുഷ.

ആലുവ: യുവകാര്‍ട്ടൂണിസ്റ്റും, കാർട്ടൂൺ അക്കാദമി മുൻ വൈസ് ചെയർമാനുമായ ഇബ്രാഹിം ബാദുഷ (38) അന്തരിച്ചു. രണ്ടാഴ്ച്ചയായി ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാദുഷ രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങിയെങ്കിലും ന്യൂമോണി ബാധയുണ്ടായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. 

ആളുകളുടെ കാരിക്കേച്ചറുകള്‍ ഒരു മിനിറ്റുകൊണ്ട് വരക്കുന്ന വൺ മിനിറ്റ് കാരിക്കേച്ചറിലൂടെ 'കാർട്ടൂൺ മാൻ ' എന്ന് പ്രശസ്തനായ വ്യക്തിയാണ് ബാദുഷ. മാളുകളിലും സ്കൂളുകളിലും കോളേജുകളിലുമുള്‍പ്പെടെ തത്സമയ കാരിക്കേച്ചര്‍ ഷോകള്‍ നടത്തിയിരുന്നു. വരയില്‍ പല റെക്കോഡുകളും ഇദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. 

തത്സമയ കാരിക്കേച്ചർ വരച്ചതിലൂടെ ലഭിച്ച വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയും മാതൃകയായി. കൊറോണ പ്രതിരോധ കാർട്ടൂണുകൾ വരച്ച് നവമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്ന ബാദുഷയ്ക്ക് ഐ.എം.എയുടെയടക്കം വലിയ പിന്തുണ ലഭിച്ചിരുന്നു. വിവിധ കോളേജുകളിലെ എൻ.എസ്.എസ് വളണ്ടിയർമാരും ബാദുഷയുടെ കാർട്ടൂണുകളുടെ പ്രചാരകരാണ്.സംസ്ഥാനത്തെ പ്രമുഖ യുവ കാർട്ടൂണിസ്റ്റുകൾ അംഗങ്ങളായ കാർട്ടൂൺ ക്ളബ് ഒഫ് കേരളയുടെ കോ ഓർഡിനേറ്റർ കൂടിയായിരുന്നു ബാദുഷ.

തോട്ടുംമുഖം കല്ലുങ്കൽ വീട്ടിൽ പരേതനായ ഹംസയുടെ മകനാണ്. സഫീനയാണ് ഭാര്യ.മുഹമ്മദ് ഫനാൻ,ആയിഷ,അമാൻ എന്നിവർ മക്കളാണ്.ഖബറടക്കം തോട്ടുംമുഖം പടിഞ്ഞാറേ പള്ളിയിൽ.

click me!