
കോഴിക്കോട്: രാമനാട്ടുകര മുതല്‍ വെങ്ങളം, എന്‍എച്ചിലും കോഴിക്കോട് നഗരത്തിലുമായി മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് വിഭാഗം പ്രത്യേക വാഹന പരിശോധന നടത്തി. 238 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 138 വിവിധ തരം വാഹനങ്ങളുടെ പേരില്‍ കേസ് എടുത്തു.
66,700 രൂപ പിഴയിനത്തില്‍ ഈടാക്കി. ഈ മേഖലയില്‍ വര്‍ധിച്ചു വരുന്ന വാഹന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്. സേഫ് കേരള എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ ലഭ്യമായ അഞ്ച് സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്. അതിതീവ്രമായ പ്രകാശം പരത്തുന്ന തരത്തിലുള്ള ലൈറ്റുകള്‍ ഘടിപ്പിച്ച 44 വാഹനങ്ങള്‍ക്കെതിരെയും അനധികൃത രൂപമാറ്റം വരുത്തിയ 18 ഇരുചക്ര വാഹങ്ങള്‍ക്കെതിരെയും കേസ് എടുത്തു.
അനധികൃതമായി ഘടിപ്പിച്ച ലൈറ്റുകള്‍ നീക്കം ചെയ്തു. അതിനു ശേഷമാണ് പിഴ ഈടാക്കിയത്. നഗരത്തില്‍ ബീച്ച്, മാനാഞ്ചിറ, കല്ലായി, ഫറോക്ക്, എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 37 ഓട്ടോറിക്ഷകള്‍ പരിശോധിച്ച് വിവിധ വകുപ്പുകള്‍ പ്രകാരം 18 എണ്ണത്തിന് കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.
വരും ദിവസങ്ങളില്‍ നിരന്തരമായ പരിശോധന നാഷണല്‍ ഹൈവേയില്‍ നടത്താനാണ് തീരുമാനം. ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് പി എം ഷബീറിന്റെ നേതൃത്വത്തില്‍, എം വി ഐ മാരായ കെ. രണ്‍ദീപ്,സനല്‍ മാമ്പിള്ളി, ജയന്‍ കെ.വി, അനില്‍ കുമാര്‍, പ്രശാന്ത്.പി, എന്നിവരും 14 എ എം വി ഐ മാരും പങ്കെടുത്തു.
നാഷണല്‍ ഹൈവേയില്‍ സംരക്ഷിത പാത ഒരുക്കുന്നതിന് ചെക്കിങ് രീതി വരും ദിവസങ്ങളില്‍ ഉണ്ടാകുന്നതാണ്. ബീച്ച് റോഡില്‍ ഇരുചക്ര വാഹനങ്ങള്‍ അനധികൃതമായി റേസിംഗ് നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അത്തരം വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും പൊതു ജനങ്ങള്‍ക്ക് 8281786094 എന്ന നമ്പറില്‍ പരാതി അറിയിക്കാമെന്നും റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam