
കോട്ടയം : പിഞ്ചുകുഞ്ഞിന് കുത്തിവയ്പ്പ് എടുത്തതിൽ അപാകത വരുത്തിയ സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സിനെതിരെ കോട്ടയം തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു. കുത്തിവയ്പ്പിനെ തുടർന്ന് ഒന്നര വയസുകാരിയുടെ കൈയ്യിൽ മുഴ വന്ന് പഴുത്തെന്ന പരാതിയിലാണ് കേസ്.
ഇക്കഴിഞ്ഞ ആഗസ്റ്റ് മാസം രണ്ടാം തീയതിയാണ് ബ്രഹ്മമംഗലം സ്വദേശികളായ ജോമിൻ-റാണി ദമ്പതികളുടെ മകളായ ഒന്നര വയസുകാരിയുടെ കൈയ്യിൽ പ്രതിരോധ കുത്തിവയ്പ്പ് എടുത്തത്. കുത്തിവയ്പ്പിനു പിന്നാലെ കുട്ടിയുടെ കൈ മുഴച്ചു. പഴുപ്പു വന്നു. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വീഴ്ച ഉണ്ടായെന്ന കാര്യം മാതാപിതാക്കൾ ആശുപത്രി അധികൃതരെ അറിയിച്ചു. എന്നാൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും വീട്ടുകാരുടെ ശ്രദ്ധക്കുറവിനെ തുടർന്ന് കുട്ടിയുടെ കയ്യിൽ അണുബാധയുണ്ടായെന്ന് വരുത്തി തീർക്കാനായിരുന്നു ആശുപത്രി അധികൃതരുടെ ശ്രമമെന്നും മാതാപിതാക്കൾ പറയുന്നു.
ആരോഗ്യവകുപ്പിൽ നിന്ന് നീതി കിട്ടാതായതോടെ കുടുംബം പരാതിയുമായി ബാലാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. കമ്മീഷൻ പോലീസിൽ നിന്ന് റിപ്പോർട്ട് തേടി. ഇതോടെയാണ് തലയോലപ്പറമ്പ് പോലീസ് ബ്രഹ്മമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സിനെതിരെ കേസെടുത്തത് . മുഖ്യമന്ത്രിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്. മറ്റു കുട്ടികൾക്കെങ്കിലും ഈ അവസ്ഥ ഉണ്ടാകാതിരിക്കാനാണ് പരാതിയുമായി മുന്നോട്ടു പോകുന്നതെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam