
കൊല്ലം: ഗോവൻഫെനി മദ്യം നിർമ്മിക്കാനുള്ള പദ്ധതിയുമായി കശുവണ്ടി വികസന കോർപ്പറേഷൻ. തോട്ടണ്ടിയുടെ ലഭ്യത കുറയുന്ന സാഹചര്യത്തിലാണ് ഫെനി നിർമ്മാണത്തിന് വേണ്ടി കശുവണ്ടി വികസന കോർപ്പറേഷൻ പദ്ധതി തയ്യാറാക്കിയത്. ഇതുവഴി നിരവധി തൊഴിലാളികള്‍ക്ക് ജോലി ഉറപ്പാക്കാൻ കഴിയുമെന്ന് കോർപ്പറേഷൻ അധികൃതർ പറഞ്ഞു.
പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായി കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാനും സംഘവും ഗോവയിലെ ഫെനി നിർമ്മാണ യൂണിറ്റുകള്‍ സന്ദർശിച്ചു. അടഞ്ഞ് കിടക്കുന്ന ഫാക്ടറികളിലാകും യൂണിറ്റുകള്‍ സ്ഥാപിക്കുക. കശുവണ്ടി സംസ്കരണ മേഖലയിലെ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കി ഫെനി ഉൽപാദിപ്പിക്കാനാണ് പദ്ധതി
വിദേശത്തുള്ള മുഖ്യമന്ത്രി മടങ്ങി എത്തിയാല്‍ ഉടൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. സർക്കാർ വകുപ്പുകളില്‍ നിന്നും ഫെനിമദ്യം നിർമ്മാണത്തിന് അനുമതി ലഭിച്ച് കഴിഞ്ഞാല്‍ ഒരു വർഷത്തിനകം നിർമ്മാണം തുടങ്ങും. ബിവറേജസ് കോർപ്പറേഷന്‍റെ ഔട്ട് ലെറ്റുകള്‍ വഴി ഫെനി വില്‍ക്കാനാണ് കോർപ്പറേഷന്‍റെ തീരുമാനം.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കശുമാവ് കൃഷിയുള്ള കണ്ണൂർ, കാസർകോട് എന്നിവിടങ്ങളില്‍ നിന്നും ഫെനി നിർമ്മിക്കാൻ ആവശ്യമായ കശുമാങ്ങ ലഭ്യമാകും എന്ന പ്രതിക്ഷയിലാണ് കോർപ്പറേഷൻ. പദ്ധതിയുടെ ഫലമായി കശുമാവ് കർഷകർക്ക് ഒരു മികച്ച വരുമാനം കൂടി ലഭ്യമാകുമെന്നും കശുവണ്ടി കോർപ്പറേഷൻ അധികൃതർ പറഞ്ഞു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam