
തൃശൂർ: അമൽ നീരദ് - മമ്മൂട്ടി ചിത്രമായ ഭീഷ്മ പർവ്വത്തിലെ മൈക്കിളപ്പന്‍റെ ഗ്രൂപ്പ് ഫോട്ടോയിലെ 'ചാമ്പിക്കോ' യാണ് സോഷ്യൽ മീഡിയയിൽ അടുത്ത കാലത്ത് കണ്ട ഏറ്റവും ശ്രദ്ധ നേടിയ ട്രെൻഡ്. സ്കൂൾ വിദ്യാർത്ഥികളും, സിനിമാ താരങ്ങളും, രാഷ്ട്രീയ നേതാക്കളുമടക്കം ഏറ്റടുത്ത 'ചാമ്പിക്കോ' ഇപ്പോഴും തരംഗം തീർക്കുകയാണ്. ഭാഷയുടെ അതിർത്തികൾ കടന്ന 'ചാമ്പിക്കോ' ഇപ്പോ മനുഷ്യന്‍റെ അതിർത്തിയും കടക്കുകയാണ്. ഇക്കൂട്ടത്തിൽ ഏറ്റവും പുതിയത് നായകളുടെ 'ചാമ്പിക്കോ' ആണ്. ജയിലിലെ ഡോഗ് സ്ക്വാഡാണ് മൈക്കിളപ്പന്‍റെ 'ചാമ്പിക്കോ' ഇപ്പോ ഏറ്റെടുത്തിരിക്കുന്നത്.
വിയ്യൂർ ഹൈ സെക്യൂരിറ്റി പ്രിസണിന്‍റെ കിഴിലുള്ള ഡോഗ് സ്ക്വാഡിലെ നായകളാണ് വീഡിയോയിൽ സ്റ്റൈലനായി നിക്കുന്നത്. തൃശൂരിൽ നടക്കുന്ന പരിശീലനത്തിനിടെയായിരുന്നു വീഡിയോ ചിത്രീകരിച്ചത്. റാമ്പോ, ലൂക്ക്, ബ്രൂണോ, ടെസ്സ, റോക്കി എന്നിവരാണ് 'ചാമ്പിക്കോ' തരംഗത്തിനൊപ്പം അണിനിരന്നതെന്ന് ഡോഗ് ഹാൻഡ‍്ലർ മാരിൽ ഒരാളായ അനീഷ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. പൊലീസിൽ നിന്ന് ഡെപ്യൂട്ടേഷനിലെത്തിയ മധുരാജ് ആണ് ഡോഗ് സ്കോഡിലെ പ്രധാന പരിശീലകൻ. 'ചാമ്പിക്കോ'യിൽ നിറഞ്ഞു നിൽക്കുന്ന അഞ്ച് നായകളെയും തൃശൂരിലെ പരിശീലനം പൂർത്തിയാക്കി സംസ്ഥാനത്തെ വിവിധ ജയിലുകളിലേക്ക് ഉടനെ എത്തിക്കും.
അതേസമയം മമ്മൂട്ടിയെ നായകനായെത്തിയ ഭീഷ്മപർവ്വം വമ്പൻ വിജയമാണ് നേടിയത്. മാർച്ച് മൂന്നിന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഏപ്രിൽ ഒന്ന് മുതൽ ഹേട്സ്റ്റാറിലും സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. പ്രേക്ഷക നിരൂപ പ്രശംസകൾ നേടിയ ചിത്രത്തിന് ബോക്സ് ഓഫീസിലും മികച്ച വിജയമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം വിജയകരമായ 50 ദിവസം പിന്നിട്ടു കഴിഞ്ഞു. റിലീസ് ദിവസം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടംനേടി. തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നും മറ്റ് റൈറ്റുകളില്‍ നിന്നും ലോകമെമ്പാടുനിന്നും ആകെ 115 കോടിയിലേറെയാണ് ഭീഷ്മ പര്‍വ്വം ഇതുവരെ നേടിയിരിക്കുന്നത്. കൊവിഡിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രമായിരിക്കുകയാണ് ഭീഷ്മ പര്‍വ്വം.
ചിത്രത്തിന്റെ വിജയത്തിന് നന്ദി പറഞ്ഞ് മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു. 'ഭീഷ്മപർവ്വം ഒരു വലിയ വിജയമാക്കി തീർത്ത എല്ലാം പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. അന്നേ ഞാൻ പറഞ്ഞതാണല്ലോ ഒരു ടിക്കറ്റ് എടുക്കാൻ. ടിക്കറ്റ് എടുക്കാത്തവർക്ക് കാണാൻ ഹോട്സ്റ്റാറിൽ പടം വന്നിട്ടുണ്ട്. കാണാത്തവർക്ക് കാണാം. കണ്ടവർക്ക് വീണ്ടും കാണാം', എന്നാണ് ഹോട്സ്റ്റാർ പുറത്തിറക്കിയ വീഡിയോയിൽ മമ്മൂട്ടി പറഞ്ഞത്.
നദിയ മൊയ്തു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam