
ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിക്ക് 'ഒരു കാരണവശാലും അവധി കൊടുക്കില്ലെന്ന' മുഖ്യമന്ത്രി വി ഡി സതീശന്‍റെ വിവാദ പരാമർശത്തിൽ പ്രതിഷേധം കടുപ്പിച്ച് ഡി വൈ എഫ് ഐ. ചമ്പക്കുളത്ത് മുഖ്യമന്ത്രിയുടെ കോലവും വഹിച്ചുകൊണ്ടുള്ള വള്ളം തുഴഞ്ഞ് ഡി വൈ എഫ് ഐ പ്രതിഷേധം സംഘടിപ്പിച്ചു. വള്ളം തുഴഞ്ഞ ശേഷം ചമ്പക്കുളം കവലയിലും ഡി വൈ എഫ് ഐ പ്രതിഷേധ പ്രകടനം നടത്തി. ഇന്നലെ കുട്ടനാട്ടിൽ ചമ്പക്കുളം മൂലം ജലോത്സവം ഫാൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലും പ്രതിഷേധം നടത്തിയിരുന്നു. വള്ളംകളി നടക്കുന്ന തിങ്കളാഴ്ച കുട്ടനാടിന് പ്രാദേശിക അവധി നൽകണമെന്ന് കുട്ടനാട് എം എൽ എ റെജി ചെറിയാൻ നിയമസഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടിരുന്നു. പരിഗണിക്കാമെന്ന് ഔദ്യോഗിക മറുപടി നൽകിയ മുഖ്യമന്ത്രി, സീറ്റിലിരുന്ന ശേഷം ഒരുകാരണവശാലും അവധി കൊടുക്കില്ലെന്ന് പറഞ്ഞതാണ് വിവാദമായത്. മൈക്ക് ഓഫാണെന്ന് കരുതിയായിരുന്നു മുഖ്യമന്ത്രിയുടെ അടക്കം പറച്ചിൽ. മുഖ്യമന്ത്രി പറഞ്ഞ രഹസ്യം വീഡിയോ ദൃശ്യങ്ങളടക്കം പുറത്ത് വന്നതോടെയാണ് വ്യാപക പ്രതിഷേധം ഉയർന്നത്.
ചമ്പക്കുളം മൂലം വള്ളംകളിക്ക് ഒരു കാരണവശാലും അവധി കൊടുക്കില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ നേരത്തെ സംഘാട സമിതിയും പ്രതിഷേധം വ്യക്തമാക്കിയിരുനവ്നു. മുഖ്യമന്ത്രിയുടെ പ്രതികരണം കുട്ടനാട്ടുകാർക്ക് വലിയ മനോവിഷമം ഉണ്ടാക്കി. സർക്കാർ മുൻകയ്യെടുത്ത് നടത്തുന്ന കുട്ടനാടിന്റെ അഭിമാന പരിപാടിയാണ് ചമ്പക്കുളംമൂലം വള്ളംകളി. മുഖ്യമന്ത്രി ഔചിത്യപൂർവ്വം മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മൂലം വള്ളംകളിക്ക് പ്രാദേശിക അവധി പ്രഖ്യാപിക്കും എന്നാണ് കരുതുന്നതെന്നും സംഘാടകസമിതി അംഗങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam