വെട്ടിപ്പ് നടത്തുന്ന സർക്കാർ കരാരുകാർ ശ്രദ്ധിക്കുക, ഇടുക്കിയിൽ വെട്ടിപ്പ് നടത്തിയതിന് ആറ് വർഷമാണ് കഠിനതടവ്

By Web TeamFirst Published Mar 27, 2024, 8:49 PM IST
Highlights

കരാറുകാരനായ സണ്ണി പോളിനെയാണ് രണ്ട് വകുപ്പുകളിലായി ആറ് വർഷം തടവിനും, 5,10,000 രൂപ പിഴ ഒടുക്കുന്നതിനും മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.

ഇടുക്കി: ജില്ലയിലെ  അടിമാലി ബ്ലോക്ക് പഞ്ചായത്തിൽ ചിത്തിരപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ അറ്റകുറ്റപ്പണി നടത്തി രണ്ടര ലക്ഷത്തോളം രൂപ വെട്ടിച്ച കേസിൽ പ്രതിയായ കരാറുകാരന് ആറ് വർഷം തടവും പിഴയും ശിക്ഷ. കരാറുകാരനായ സണ്ണി പോളിനെയാണ് രണ്ട് വകുപ്പുകളിലായി ആറ് വർഷം തടവിനും, 5,10,000 രൂപ പിഴ ഒടുക്കുന്നതിനും മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.

2004 - 2005 കാലഘട്ടത്തിലാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ അറ്റകുറ്റപ്പണിനടത്താൻ അടിമാലി ബ്ലോക്ക് കരാർ ക്ഷണിച്ചത്. ഇത് പ്രകാരം പ്രവൃത്തിയെടുത്ത കരാറുകാരനായ സണ്ണി പോൾ ചെയ്യാത്ത പ്രവൃത്തികൾ ചെയ്തതായി കാണിച്ച് എം ബുക്കിൽ അസിസ്റ്റന്റ് എഞ്ചിനീയറെ കൊണ്ട് എഴുതി സർക്കാരിന് 2,56,925/- രൂപ നഷ്ടമുണ്ടാക്കിയെന്നായിരുന്നു കേസ്.

സംഭവത്തിൽ വിജിലൻസ് ഇടുക്കി യൂണിറ്റ്  രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രതിയായ കരാറുകാരനെ മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷിച്ചത്.  കേസിൽ പ്രതിയായ സണ്ണി പോൾ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും രണ്ട് വകുപ്പുകളിലായി മൂന്ന് വർഷം വീതം ആകെ ആറ് വർഷം കഠിനതടവും 5,10,000/- രൂപ പിഴ ഒടുക്കുന്നതിന് മൂവാറ്റുപുഴ വിജിലൻസ് കോടതി വിധിക്കുകയും ആയിരുന്നു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധി ന്യായത്തിൽപറയുന്നുണ്ട്. കേസിൽ മറ്റൊരു പ്രതിയായ അസിസ്റ്റന്റ് എഞ്ചിനീയർ വിചാരണ സമയത്ത് മരിച്ചിരുന്നു. 

ഇടുക്കി വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി ആയിരുന്ന അലക്സ് എം വർക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്.  ഇടുക്കി വിജിലൻസ് ഇൻസ്പെക്ടർമാരായ വി വിജയൻ,  ജോൺസൺ ജോസഫ് എന്നിവരാണ്  അന്വേഷണം നടത്തിയ കേസിൽ വിജിലൻസ് ഡി.വൈ.എസ്.പി യായിരുന്ന കെ.വി. ജോസഫ് ആണ് കുറ്റപത്രം സമർപ്പിച്ചത്.  പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ സരിത. വിഎ ഹാജരായി. 

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ശ്രീ. ടി. കെ . വിനോദ്‌കുമാർ. ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു: സ്വകാര്യ സ്ഥാപനങ്ങൾ ശമ്പളം കുറയ്ക്കരുതെന്ന് നിബന്ധന

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!