
ഇടുക്കി: എക്സൈസ് വാഹന പരിശോധനയിൽ സിനിമാ താരവും സുഹൃത്തും എംഡിഎംഎയും കഞ്ചാവുമായി പിടിയിൽ. കൊച്ചി കുന്നത്തുനാട് കണ്ണങ്കര സ്വദേശിയും സിനിമാ നടനുമായ പരീകുട്ടി പെരുമ്പാവൂർ എന്നറിയപ്പെടുന്ന പി എസ് ഫരിദുദീൻ (31), സുഹൃത്തായ കോഴിക്കോട് വടകര പൊയിലക്കരയിൽ പെരുമാലിൽ ജിസ്മോൻ (24) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.
മൂലമറ്റം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ അഭിലാഷും സംഘവും വാഗമൺ റൂട്ടിൽ കാഞ്ഞാർ - പുള്ളിക്കാനം റോഡിൽ നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇരുവരും പിടിയിലാകുന്നത്. പരിശോധനയിൽ 10.5 ഗ്രാം എം ഡി എം എയും ഒമ്പത് ഗ്രാം കഞ്ചാവും പിടികൂടി. ഇതിൽ ജിസ്മോന്‍റെ പക്കൽ നിന്നും 10.50 ഗ്രാം എംഡിഎംഎയും, അഞ്ച് ഗ്രാം കഞ്ചാവും ഫരീദുദീന്‍റെ കയ്യിൽ നിന്ന് 230 മില്ലിഗ്രാം എം ഡി എം എയും നാല് ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തിട്ടുള്ളത്.
തുടർന്ന് ഇരുവരെയും ഓഫീസിലെത്തിച്ച് നടപടികൾ പൂർത്തിയാക്കിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. എക്സൈസ് സംഘത്തിൽ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സാവിച്ചൻ മാത്യു , ഗ്രേഡ് പ്രിവന്‍റീവ് ഓഫീസർമാരായ വി ആർ രാജേഷ്, പി ആർ അനുരാജ്, എ എൽ സുബൈർ, സിവിൽ എക്സൈസ് ഓഫീസർ ചാൾസ് എഡ്വിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ എം ടി ബിന്ദു എന്നിവർ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam