
നെയ്യാറ്റിന്‍കര: 1002 സ്ത്രീകളെ അണിനിരത്തി ക്രിസ്തീയ തിരുവാതിരയുമായി വ്ളാത്തങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയം. മരിയന്‍ തീര്‍ഥാടനത്തിന്‍റെ ഭാഗമായാണ് തിരുവാതിര അവതരിപ്പിച്ചത്. ദേവാലയത്തിന് മുന്നിലെ മൈതാനത്തില്‍ 6 വൃത്തങ്ങള്‍ക്കുളളില്‍ വീണ്ടും 4 ചെറു വൃത്തങ്ങള്‍ ക്രമീകരിച്ചാണ് സ്ത്രീകള്‍ തിരുവാതിര വിസ്മയമാക്കിയത്.
നൃത്താധ്യപകനായ ജി എസ് അനില്‍കുമാറാണ് തിരുവാതിരയുടെ പരമ്പരാഗത ചുവടുകള്‍ ചിട്ടപ്പെടുത്തിയിയത്. 14 മിനിറ്റ് ദൈര്‍ഘ്യമുളള ഗാനത്തിന് ഇടവകയിലെ 4 വയസുകാരി ആര്‍ദ്ര മുതല്‍ 60 വയസുകാരി സുമഗല വരെ ചുവടുകള്‍വച്ചു. സ്വര്‍ഗ്ഗാരോപിത മാതാവിനെക്കുറിച്ചും ക്രിസ്തുദേവന്‍റെ ജനനം, കാനായിലെ കല്ല്യാണം, ബൈബിളിലെ വിവിധ അത്ഭുതങ്ങള്‍, കാല്‍വരിയിലെ കുരിശുമരണം തുടങ്ങി വിവിധ സംഭവങ്ങളെയും കോര്‍ത്തിണക്കിയാണ് ഗാനം ചിട്ടപ്പെടുത്തിയിരുന്നത്.
ഗാനരചയിതാവും അധ്യാപകനുമായ ജോയി ഓലത്താന്നി രചിച്ച ഗാനം ചിട്ടപ്പെടുത്തിയത് സംഗീത സംവിധായകന്‍ അനില്‍ ഭാസ്കറാണ്. ഭൈരവിയും ഭാവശ്രീയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ ആയിരത്തില്‍ കൂടുതല്‍ സ്ത്രീകള്‍ പങ്കെടുക്കുന്ന തിരുവാതിര അരങ്ങേറുന്നതെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.
തിരുവാതിരയുടെ ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി കടന്നപളളി രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. കെ ആന്‍സലന്‍ എംഎല്‍എ, മുന്‍ സ്പീക്കര്‍ എന്‍ ശക്തന്‍, പാറശ്ശാല ബ്ലോക്ക് പ്രസിഡന്‍റ് വി. ആര്‍. സലൂജ, മജീഷ്യന്‍ മനു തുടങ്ങിയവര്‍ മുഖ്യാതിഥികളായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam